ചെന്നൈ: ഡിഎംകെയെ പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെയുടെ (ദ്രാവിഡ മുന്നേറ്റ കഴകം) പൂർണരൂപം ‘ഡെങ്കിപ്പനി, മലേറിയ, കൊസു (കൊതുക്)’ (ഡി–ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു) എന്നിങ്ങനെയാണെന്ന് അണ്ണാമലൈ പറഞ്ഞു. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഉദയനിധി, സനാതന ധർമത്തെ പകർച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്.
തമിഴ്നാട്ടിൽ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യേണ്ടതുണ്ടെങ്കിൽ അത് ഡിഎംകെയെയാണെന്നും അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് രംഗത്തെത്തിയതിനെയും അദ്ദേഹം വിമർശിച്ചു. എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില നുണകൾ പറഞ്ഞുവെന്ന് അണ്ണാമലൈ ആരോപിച്ചു.
ഇത്തരം കാര്യങ്ങൾ എതിർക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു. പിന്നാലെ, ഉദയനിധിക്ക് ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച സ്റ്റാലിൻ, ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്ന് പറഞ്ഞിരുന്നു.
Post Your Comments