ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ന് മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലായാണ് കൂടിക്കാഴ്ചകള്‍ നടക്കുക. ഇന്ന് മൗറീഷ്യസ്, ബംഗ്ലാദേശ്, യുഎസ്എ എന്നീ രാഷ്ട്ര തലവന്മാരുമായി കൂടിക്കാഴ്ച നടക്കും.
Read Also: യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം: പൊലീസ് ലാത്തി വീശി
ഉച്ചകോടിയുടെ ഒന്നാം ദിനമായ നാളെ ബ്രിട്ടീഷ് പ്രധാനന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രി, ജര്‍മ്മന്‍ ചാന്‍സലര്‍ എന്നിവരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ പത്തിന് ഫ്രഞ്ച് പ്രസിഡന്റ് അടക്കമുള്ളവരുമായും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയുണ്ടാകും. മറ്റ് രാഷ്ട്രതലവന്മാരും ഉച്ചകോടിയുടെ ഭാഗമായി പരസ്പരം ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലോക നേതാക്കള്‍ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇന്ത്യയിലെത്തും. അംഗരാജ്യങ്ങള്‍ക്ക് പുറമെ സുഹൃദ് രാജ്യങ്ങളെയും ഇന്ത്യ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, യുഎഇ, നൈജിരിയ എന്നീ രാഷ്ട്രത്തലവന്മാരാണ് അതിഥികളായി എത്തുക.
ആഫ്രിക്കന്‍ യൂണിയന് കൂട്ടായ്മയില്‍ അംഗത്വം നല്‍കണമെന്ന് ഇന്ത്യ ആവശ്യം ഉന്നയിച്ചിരുന്നു. ഈ നിര്‍ദ്ദേശം അംഗരാജ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ ശബ്ദമുയര്‍ത്തിയതിനെ പ്രശംസിച്ച് യുഎന്‍ മേധാവി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
Leave a Comment