Latest NewsNewsIndia

ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്. 2020 ആദ്യപകുതി മുതല്‍ ഇത്തരം സംഭവങ്ങളില്‍ 99ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷസേനയിലെ മരണസംഖ്യയിലും കാര്യമായ കുറവ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണസംഖ്യയില്‍ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Read Also: ഒരു ഉദയനിധി വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ‘സനാതന ധര്‍മ്മം’ : യോഗി ആദിത്യനാഥ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സദാ നിരീക്ഷിച്ച് വരികയാണ്. ക്രമസമാധാന നില ചര്‍ച്ച ചെയ്യുന്നതിനായി കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പ്രദേശത്തെ സുരക്ഷാ പ്രശ്നങ്ങളെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘം സദാ നിരീക്ഷിച്ചുവരുന്നുണ്ട്.

2020ന്റെ ആദ്യപകുതിയില്‍ 324 കല്ലേറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടടുത്ത വര്‍ഷം കേസുകളുടെ എണ്ണം 179ആയി കുറഞ്ഞു. 2022ല്‍ 50 കല്ലേറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 3 ആയി ചുരുങ്ങുകയും ചെയ്തു.

ജമ്മുകശ്മീരില്‍ വീരമൃത്യു വരിക്കുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. 2020 മുതലിങ്ങോട്ടുള്ള കണക്ക് പരിശോധിച്ചാല്‍ മരണപ്പെടുന്ന സൈനികരുടെ എണ്ണം 32ല്‍ നിന്ന് 11 ആയി കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാകും.

ഇതിനെല്ലാം പുറമെ ജമ്മുകശ്മീരില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുക്കുന്നതിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ല്‍ 68 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സുരക്ഷാ സേന കണ്ടെടുത്തത്. ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെടുത്തിട്ടില്ല. ഗ്രനേഡ് ശേഖരത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button