തിരുവനന്തപുരം: ‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിന്ധു തടങ്ങളിൽ വസിക്കുന്നവർ സൈന്ധവർ, അവർ ഹിന്ദു ആയി അവർ വസിച്ച ഇടം ഹിന്ദുസ്ഥാനും ഇന്ത്യയുമായി. ഗ്രീക്കുകാർ മുതൽ ഈ മണ്ണിലേക്ക് ഒടുവിലെത്തിയ ബ്രിട്ടീഷുകാർ വരെ നമ്മുടെ സംസ്കൃതിയെ രൂപപ്പെടുത്തി, ഭാഷയെ സമ്പുഷ്ടമാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: സർക്കാർ ഓഫീസുകളിൽ ഇനി ഐഫോൺ ഉപയോഗം വേണ്ട! നടപടി കടുപ്പിച്ച് ഈ രാജ്യം
സങ്കലനത്തിന്റെ, മഹാ സംസ്കൃതിയുടെ പേരാണ് ഇന്ത്യ. ഓരോ ഇന്ത്യൻ പൗരന്റെയും ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവിൽ ആലേഖനം ചെയ്യപ്പെട്ട പേരാണ് ഇന്ത്യ. ആസേതു ഹിമാചലം വിശാലമായ സുജലയും സുന്ദരിയും ശോഭ നിറഞ്ഞവളുമായ മഹാമാതൃ രൂപമാണ് ഇന്ത്യ. ആധുനിക ഇന്ത്യ എന്തെല്ലാം ചരിത്ര സന്ധികളിലൂടെ കടന്നു പോയി. ആരെല്ലാം ഈ നാടിനായി പൊരുതി മരിച്ചു, എത്രയെത്ര കോടി ജനങ്ങൾ ഈ നാടിനായി അക്ഷീണം പ്രയത്നിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ എന്ന മഹാ സങ്കൽപ്പത്തെ നാം ഒരോരുത്തരും അഗാധമായും ആത്മാർഥമായും സ്നേഹിച്ചു. രാജ്യത്തിന്റെ പേരുമാറ്റത്തിലൂടെ വിലപ്പെട്ടതെല്ലാം മാറ്റിമറിക്കാനും പ്രിയപ്പെട്ടതെല്ലാം തച്ചുടക്കാനുമുള്ള നീചവും യുക്തിരഹിതവുമായ ശ്രമമാണ് നടക്കുന്നത്. ആർഎസ്എസ് എന്ന സംഘടനയുടെ മതാധിഷ്ഠിത രാഷ്ട്രീയ ഗൂഢാലോചനയാണ് കേന്ദ്ര സർക്കാരിന്റെ നീക്കത്തിലൂടെ പുറത്തു വരുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
വിവിധ കാലങ്ങളുടെ, ചരിത്രവഴികളിലൂടെ സമ്മേളിച്ച് രൂപമെടുത്ത പേരാണ് ഇന്ത്യ. അത് ഒരു സംസ്ക്കാരമാണ്. ഓർമ്മകളും ഭാവിയുടെ സ്വപ്നങ്ങളുമാണ്. ഈ നാട് ഇന്ത്യയായി തന്നെ നിലനിൽക്കണം. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ഗാന്ധി ഘാതകരുടെ കാൽക്കൽ അടിയറ വയ്ക്കാനുള്ളതല്ല സിന്ധുവിന്റെ സംസ്കൃതിയിലൂടെ പരന്നൊഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ പാദം ചേർക്കുന്ന ഈ മണ്ണ്. ഉറപ്പിച്ച് തന്നെ പറയാം, എന്റെ നാടിന്റെ പേര് ഇന്ത്യ, തങ്ങൾ ഇന്ത്യക്കാരെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യ vs ഭാരത്; വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പറില് മാറ്റം വരുമോ? വാഹന ഉടമകളുടെ സംശയം ഇങ്ങനെ
Post Your Comments