ചെന്നൈ: ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ തമിഴ്‌നാട്ടിൽ കേസ്. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസ്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് തമിഴ്‌നാട് പോലീസ് കേസെടുത്തിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ വംശഹത്യക്ക് ആഹ്വാനം നൽകിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം. ഡിഎംകെ നേതാവാണ് പരാതി നൽകിയിരിക്കുന്നത്.
നേരത്തെ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിൽ യു.പി പൊലീസ് കേസെടുത്തിരുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണച്ച കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാംപൂർ പൊലീസാണ് കേസ് എടുത്തത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകർ നൽകിയ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും സനാതന ധർമ്മ പരാമർശത്തിൽ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഉദയനിധി സ്റ്റാലിൻ. കഴിഞ്ഞാഴ്ച, ചെന്നൈയില്‍ വെച്ചായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. ‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നാ’യിരുന്നു ഉദയനിധിയുടെ പരാമർശം.
Post Your Comments