കണ്ണൂർ: വിവിധ സ്ഥലങ്ങളിൽ ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഡിണ്ഡിഗൽ ജില്ലയിലെ പഴനി സ്വദേശി കാർത്തിക് പങ്കജാക്ഷനെയാണ് (30) അറസ്റ്റ് ചെയ്തത്. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ താണയിലെ സാന്റാ മോണിക്ക ട്രാവൽ ഏജൻസി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. സാൻഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് അഞ്ചു വിമാന ടിക്കറ്റുകൾ എടുത്ത് അഞ്ചര ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ട്രാവൽ ഏജൻസികൾ വഴി വിദേശത്തേക്കും തിരിച്ചും വിമാന ടിക്കറ്റുകളെടുത്ത് യാത്രക്കാർക്ക് ലഭ്യമാക്കുകയും ഏജൻസികൾക്ക് പണമയച്ചതായി വ്യാജരേഖകൾ നൽകി മുങ്ങുകയുമാണ് ഇയാളുടെ പതിവ്.
Read Also : തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി ഷാരൂഖ് ഖാൻ: ഒപ്പം മകൾ സുഹാനയും നയൻതാരയും കുടുംബവും
സമാനരീതിയിൽ പയ്യന്നൂർ, കാസർഗോഡ്, കോഴിക്കോട്, എറണാകുളം, മലപ്പുറം, മധുരൈ എന്നിവിടങ്ങളിൽ നിന്നായി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. കോഴിക്കോട്ട് മാത്രം ആറുപേരെയാണ് ഇയാൾ കബളിപ്പിച്ചത്.
കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ബി.ടെക് ബിരുദധാരിയായ കാർത്തിക് നവി മുംബൈ കേന്ദ്രീകരിച്ച് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.
കണ്ണൂരിൽ കേസ് വന്നതോടെ കേരളത്തിൽ നിന്ന് രക്ഷപ്പെട്ട കാർത്തിക്, ചാലക്കുടിയിലെ ഭാര്യ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്.ഐമാരായ സി.എച്ച്. നസീബ്, സവ്യ സച്ചി, സ്ക്വാഡ് അംഗങ്ങളായ രാഗേഷ്, നാസർ, രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments