KeralaNewsLife Style

കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ലക്ഷണം ശരീരത്തിന്‍റെ ഈ ഭാഗങ്ങളിലെല്ലാം കാണാം…

കൊളസ്ട്രോള്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോള്‍ എത്രമാത്രം നമ്മുടെ ആരോഗ്യത്തിനും, ജീവന് തന്നെയും വെല്ലുവിളിയാണെന്ന വസ്തുത ഇന്ന് ധാരാളം പേര്‍ മനസിലാക്കുന്നു എന്നത് വലിയ ആശ്വാസമാണ്.

ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല ഗൗരവമുള്ള അവസ്ഥകളിലേക്കും. ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം കൊളസ്ട്രോള്‍ നമ്മെ നയിക്കാം. ഇതൊഴിവാക്കുന്നതിന് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്.

ഇനി, കൊളസ്ട്രോള്‍ ഉണ്ടെന്ന് അറിയാത്തവരെ സംബന്ധിച്ചോ അല്ലെങ്കില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാതെ മുന്നോട്ട് പോകുന്നവരെ സംബന്ധിച്ചോ ഇത് വല്ലാതെ കൂടിയാല്‍ എങ്ങനെ മനസിലാക്കാം?

ചില ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ശരീരം പ്രകടമാക്കാം. അത്തരത്തില്‍ കൊളസ്ട്രോളിന്‍റെ ഭാഗമായി ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

അതിന് മുമ്പായി എന്താണ് ‘പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്’ അഥവാ പിഎഡി എന്നത് കൂടി പറയണം. കൊളസ്ട്രോള്‍ വല്ലാതെ കൂടുമ്പോള്‍ രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞ് ക്രമേണ കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതിന്‍റെ ഭാഗമായി പതിയെ രക്തക്കുഴലുകള്‍ കട്ടിയാകാനും അതുപോലെ തന്നെ നേര്‍ത്തുവരാനും കാരണമാകുന്നു. ഈയൊരു അവസ്ഥയെ ആണ് പിഎഡി എന്ന് വിശേഷിപ്പിക്കുന്നത്. കൊളസ്ട്രോളിന്‍റെ മറ്റൊരു ‘ലെവല്‍’ എന്നുതന്നെ പറയാം.

പിഎഡിയുടെ അനുബന്ധമായി പൃഷ്ഠഭാഗത്ത് പ്രത്യേകമായി വേദന അനുഭവപ്പെടാം. ഇതാണ് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണം. വേദന മാത്രമല്ല പൃഷ്ഠഭാഗത്ത് അസ്വസ്ഥത, കുത്തുന്നത് പോലുള്ള വേദന എന്നിങ്ങനെയെല്ലാമാണത്രേ പിഎഡിയുടെ ഭാഗമായി അനുഭവപ്പെടുക.

ഇനി, പിഎഡിയുടെ മറ്റൊരു ലക്ഷണം മനസിലാക്കാം. പൃഷ്ഠഭാഗത്തിലെന്ന പോലെ തന്നെ കാലുകളിലും കുത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുന്നത് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. പ്രത്യേകിച്ച് എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍. വേഗതയില്‍ നടക്കുക, ഓടുക, പടി കയറുക എന്നിങ്ങനെയുള്ള കായികപ്രവര്‍ത്തനങ്ങള്‍ ഉദാഹരണം.

കാല്‍പാദങ്ങളിലും വിരലുകളിലും എരിച്ചില്‍- പ്രത്യേകിച്ച് രാത്രി ഉറങ്ങാൻ കിടക്കുമ്പോള്‍ – അനുഭവപ്പെടുന്നതും പിഎഡി ലക്ഷണമാകാം. പാദത്തിലെ ചര്‍മ്മം വല്ലാതെ തണുത്തിരിക്കുക, ചര്‍മ്മത്തില്‍ നിറവ്യത്യാസം, പെട്ടെന്ന് അണുബാധകള്‍ പിടിപെടുക, പാദത്തിലോ വിരലുകളിലോ മുറിവുകളുണ്ടായി- അതുണങ്ങാതിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും പിഎഡിയുടെ ഭാഗമായി കാണാം.

ബിപി കൂടുക, നെഞ്ചുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കൊളസ്ട്രോള്‍ അധികരിക്കുമ്പോഴുണ്ടാകാം. എന്തായാലും ഈ ലക്ഷണങ്ങളെല്ലാം തന്നെ സൂചിപ്പിക്കുന്നത്, അടിയന്തരമായി കൊളസ്ട്രോളിനെ പിടിച്ചൊതുക്കണം എന്നതാണ്. അല്ലാത്തപക്ഷം തീര്‍ച്ചയായും ഹൃദയമാണ് വെല്ലുവിളി നേരിടുക. ഇത് ഒട്ടും നിസാരമല്ലെന്നും മനസിലാക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button