തിരക്കേറിയ ജീവിതത്തില്‍ നമ്മില്‍ ബഹുഭൂരിപക്ഷ ആളുകളും നേരിടുന്ന വലിയൊരു പ്രശ്നമാണ് അമിതമായ ക്ഷീണം. ‘എനിക്കു സുഖമില്ല, നല്ല ക്ഷീണമാണ് ‘ ഇങ്ങനെയൊക്കെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പറയുന്നത് നമ്മള്‍ കേട്ടിരിക്കും.
Read Also: നിക്ഷേപകർക്കായി കടപ്പത്രങ്ങൾ പുറത്തിറക്കി മുത്തൂറ്റ് ഫിൻകോർപ്, ലക്ഷ്യം ഇത്
പോഷകാഹാര കുറവാണ് ക്ഷീണത്തിനു പ്രധാന കാരങ്ങളിലൊന്ന്. അതുപോലെ തന്നെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിലും ധാതുക്കളിലും കുറവു വരുന്നതും ക്ഷീണത്തിലേക്ക് നമ്മെ നയിക്കാവുന്നതാണ്. വിട്ടുമാറാത്ത ക്ഷീണത്തിനു പിന്നിലെ കാരണങ്ങള്‍ അറിഞ്ഞിരിക്കാം..
അയണിന്റെ കുറവുകള്‍
അനീമിയ രോഗബാധിതരില്‍ അമിതമായ ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത് അയണിന്റെ കുറവു മൂലമാണ്. ശരീരത്തിലേക്ക് ആവശ്യമായ ഓക്സിജന്റെ അളവില്‍ കുറവു വരുന്നത് അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ഇത് അമിതമായ ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതു ഒഴിവാക്കാനായി അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബീന്‍സ്, നേന്ത്രക്കായ, മാംസം, പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്.
വിറ്റാമിന്‍ ബി12
വിറ്റാമിന്‍ ബി12-ന്റെ കുറവാണ് ക്ഷീണത്തിലേക്ക് നമ്മെ നയിക്കാവുന്ന മറ്റൊരു കാരണം. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഊര്‍ജ്ജത്തിനും വിറ്റാമിനുകള്‍ ആവശ്യമാണ്. മുട്ട, മത്സ്യം, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയില്‍ ഇവ ധാരാളം അടങ്ങിയിരിക്കുന്നു.
വിറ്റാമിന്‍ ഡി
ഉന്മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ നമ്മെ സഹായിക്കുന്ന മറ്റൊരു വിറ്റാമിനാണ് വിറ്റാമിന്‍ ഡി. ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡിയുടെ കുറവുകള്‍ ക്ഷീണത്തിലേക്ക് നയിച്ചേക്കാം. രാവിലെ കുറച്ചു നേരം സൂര്യപ്രകാശം കൊള്ളുന്നതും സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
അയഡിന്‍
ഭക്ഷണത്തിലെ അയഡിന്റെ കുറവുകള്‍ തൈറോയിഡ് പോലുള്ള അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഒഴിവാക്കാനായി അയഡിന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്. കടല്‍ വിഭവങ്ങള്‍, അയഡിന്‍ അടങ്ങിയ ഉപ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
മഗ്‌നീഷ്യം
ശരീരത്തിന്റെ ക്ഷീണം അകറ്റി ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു മനുഷ്യനെ സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് മഗ്‌നീഷ്യം. മുളപ്പിച്ച വിത്തുകള്‍, പരിപ്പു വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നു.
മുകളില്‍ പറഞ്ഞ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായ ക്ഷീണം നിങ്ങളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.
Post Your Comments