കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം, മുൻനിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും കളക്ടർ വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 7 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ മേഖലയിൽ അതിശക്തമായ മഴയാണ്. വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാർ കരകവിഞ്ഞു. മണിയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. സീതക്കുഴി–മുണ്ടൻപാറ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. മുണ്ടൻപാറ തോട്ടിൽ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാർ പറഞ്ഞു.
സന്ധ്യയ്ക്ക് മുണ്ടൻപാറ തോട്ടിലൂടെ അതിശക്തമായ മലവെള്ളപ്പാച്ചിൽ ആയിരുന്നു. തോട്ടിലെ വെള്ളം കണ്ടതോടെയാണ് വനത്തിൽ ഉരുൾപൊട്ടിയതായി സംശയം ഉയർന്നത്. സന്ധ്യ മയങ്ങിയതിനാൽ വെള്ളം എവിടെ നിന്നാണ് എത്തിയതെന്നു വ്യക്തമല്ല. സീതക്കുഴി പുള്ളോലിപടിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങി. വാഹനങ്ങൾ തോടിന്റെ അക്കരവഴിയുള്ള റോഡിലൂടെ തിരിച്ചുവിട്ടു. റോഡിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്.
അതിശക്തമായ മഴ കാരണം, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ ഗവിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Post Your Comments