KeralaLatest News

വയനാട്ടിൽ മുസ്ലിം ലീഗ് – കോൺ​ഗ്രസ് ഭിന്നത, പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി

കല്പറ്റ: വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ മുസ്ലിം ലീഗ് – കോൺ​ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മുൻധാരണ പ്രകാരമുള്ള സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രണ്ടു ദിവസത്തിനകം തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്നാണ് ലീ​ഗ് നേതൃത്വം ജില്ലാ കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രാദേശിക ലീ​ഗ് നേതൃത്വത്തിന് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട് എന്നതാണ് വയനാട് യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാക്കുന്നത്.

സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കൈമാറാത്തതാണ് ലീഗിനെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്. മുൻ ധാരണ പ്രകാരം ലീഗ് പ്രതിനിധി ദിനേഷ് കുമാറിന് അധ്യക്ഷ സ്ഥാനം കിട്ടണം. എന്നാൽ, നിലവിലെ അധ്യക്ഷൻ ഗോപിനാഥ് പദവി കൈമാറാൻ തയ്യാറല്ല. ഇതോടെയാണ് ലീഗ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് പ്രാദേശിക ഘടകത്തിന് പിന്തുണ പിൻവലിക്കാൻ അനുമതി നൽകിയത്.

17 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഒൻപത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. കോൺഗ്രസിന് അഞ്ചും ലീഗിന് നാലും വീതമാണ് പ്രതിനിധികൾ. മുസ്ലിം ലീഗ് പിന്തുണ പിൻവലിച്ചാൽ ഭരണം താഴെപ്പോകും.

ആവശ്യമെങ്കിൽ ജില്ലാ പഞ്ചായത്തിലടക്കം പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയും ലീഗ് മുഴക്കി. തൊട്ടുപിന്നാലെ കെപിസിസി ഇടപെട്ടു. കെപിസിസി ജനറൽ സെക്രട്ടറിമാരായ പി എം നിയാസും ജമീല ആലിപ്പറ്റയും വയനാട്ടിലെത്തി ലീഗ് നേതാക്കളെ അനുനയിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും എന്ന ഉറപ്പിലൽ ലീഗ് അയഞ്ഞു. നാലാം തീയതിക്ക് മുമ്പ് തീരുമാനം വേണം എന്നാണ് ആവശ്യം.

അതിനിടെ ഡിസിസി സ്ഥിരം സമിതി അധ്യക്ഷനോട് പദവി ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ, ഗോപിനാഥ് എ കെ അതിന് തയ്യാറാല്ല എന്നാണ് വിവരം. അങ്ങനെയെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് കോൺഗ്രസിൻറെ താക്കീത്. പല പഞ്ചായത്തുകളിലും ലീഗ് കോൺഗ്രസ് അസ്വാരസ്യമുള്ളതിനാൽ, നൂൽപ്പുഴയിലെ അന്തിമ തീരുമാനം ജില്ലയിൽ ഏറെ നിർണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button