സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1-ന്റെ ആദ്യത്തെ ഭ്രമണപഥം ഉയർത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ 11.45-നാണ് ആദ്യ ഭ്രമണപഥം ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയോട് ഏറ്റവും അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്ന് ദീർഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയർത്താനാണ് ഐഎസ്ആർഒ ഇന്ന് ലക്ഷ്യമിടുന്നത്. ഇവ വിജയകരമായി പൂർത്തിയാക്കിയാൽ, അടുത്ത ഘട്ട ഭ്രമണപഥം ഉയർത്തലിനുള്ള നടപടികൾക്ക് തുടക്കമിടും. 16 ദിവസമായിരിക്കും പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ തുടരുക.
സെപ്റ്റംബർ 2-ന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. 5 തവണ ഭ്രമണപഥം ഉയർത്തുന്നത് പൂർത്തിയാക്കിയാൽ, 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ആദിത്യ ഒന്നാം ലെഗ്രാജിയൻ പോയിന്റിന് ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ എത്തുന്നതാണ്. ഏകദേശം 125 ദിവസം നീളുന്ന യാത്രയ്ക്ക് ശേഷമാണ് പേടകം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുക. സൗരവാതങ്ങൾ, കാന്തിക ക്ഷേത്രം, പ്ലാസ്മ പ്രവാഹം, കൊറോണൽ മാസ് ഇഞ്ചക്ഷൻ തുടങ്ങിയ സൗര പ്രതിഭാസങ്ങളെ കുറിച്ചാണ് ആദിത്യ എൽ 1 പ്രധാനമായും പഠനങ്ങൾ നടത്തുക.
Post Your Comments