ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. പ്രതീക്ഷയ്ക്കൊത്തുയർന്ന ജിഡിപി വളർച്ച, വാഹന നിർമ്മാണ കമ്പനികളുടെ മികച്ച വിൽപ്പന നേട്ടം, വ്യാവസായിക രംഗത്തെ ഉണർവ് തുടങ്ങിയ ഘടകങ്ങളാണ് വിപണിക്ക് അനുകൂലമായി മാറിയത്. ഇതോടെ, സെപ്റ്റംബറിലെ ആദ്യദിനം തന്നെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യൻ ഓഹരി സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 555.75 പോയിന്റ് നേട്ടത്തിൽ 65,387.16-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 181.59 പോയിന്റ് ഉയർന്ന് 19,435.30-ൽ വ്യാപാരം പൂർത്തിയാക്കി.
സെൻസെക്സിൽ ഇന്ന് 2,183 ഓഹരികൾ നേട്ടത്തിലും, 1,479 ഓഹരി നഷ്ടത്തിലും, 124 കമ്പനികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ കമ്പനികളുടെ മൊത്തം മൂല്യം ഇന്ന് സർവകാല റെക്കോർഡ് കുറിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ജിയോ ഫിനാൻഷ്യൽ, എൻടിപിസി, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി, ഹിൻഡാൽകോ, ഇൻഡസ്ഇൻഡ് ബാങ്ക്, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. അതേസമയം, എച്ച്ഡിഎഫ്സി ലൈഫ്, എൽ ആൻഡ് ടി, സൺ ഫാർമ, അൾട്രാടെക് സിമന്റ്, നെസ്‌ലെ, സിപ്ല തുടങ്ങിയവയുടെ ഓഹരികളാണ് നിരാശപ്പെടുത്തിയത്.
Also Read: നെല്ല് സംഭരണം: 1854 കോടി രൂപ കർഷകർക്ക് നൽകിയെന്ന് ഭക്ഷ്യമന്ത്രി
Post Your Comments