KeralaLatest NewsNews

കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ കയ്യൊടിഞ്ഞ പെണ്‍കുട്ടിക്ക് ചികിത്സാ സഹായം നല്‍കാതെ പഞ്ചായത്ത് അധികൃതര്‍

കുന്ദമംഗലം: കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ കയ്യൊടിഞ്ഞ പെണ്‍കുട്ടിക്ക് ചികിത്സാ സഹായം നല്‍കാതെ കുന്ദമംഗലം പഞ്ചായത്ത് അധികൃതര്‍. പെണ്‍കുട്ടിയ്ക്ക് ചികിത്സാ ദനസഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ പാടെ അവഗണിച്ചിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത്. കാരന്തൂര്‍ സ്വദേശിനി ദിയ അഷ്‌റഫിന് കയ്യിന്റെ ചലന ശേഷി പൂര്‍ണ്ണമായും വീണ്ടെടുക്കാനായിട്ടില്ല. സംഘാടനത്തിലെ പിഴവ് മൂലം 19 വയസുള്ള ദിയ മല്‍സരിച്ചത് 39 വയസുകാരിയുമായിട്ടായിരുന്നു.

Read Also: ഗൾഫിൽ വെച്ച് ഇന്ത്യക്കാരിയെ പരിചയപ്പെട്ട് വിവാഹം ചെയ്ത് അനധികൃതമായി ഇന്ത്യയിലെത്തി: പാകിസ്ഥാൻ പൗരൻ അറസ്റ്റിൽ

കുന്ദമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ ഉണ്ടായ അപകടമാണ് മൗണ്ടന്‍ സൈക്കിളിങ്ങിലെ ജില്ലാ ചാമ്പ്യനായ സ്‌കൂളിലെ സ്‌പോര്‍ട്‌സ് താരമായിരുന്ന ദിയയുടെ ജീവിതത്തെ ഇരുട്ടിലേക്ക് തള്ളി വിട്ടത്. അപകടം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പേന പിടിച്ചെഴുതാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് പെണ്‍കുട്ടി നേരിടുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ആറു ദിവസമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ആശുപത്രി വാസത്തിന് പിന്നാലെ രണ്ടുമാസത്തോളമാണ് വിശ്രമം വേണ്ടി വന്നത്. ഇക്കാലത്ത് ദിവസം 500 രൂപ ചെലവില്‍ ഫിസിയോ തെറാപ്പിയും ചെയ്യേണ്ടി വന്നു.

അപകടം നടന്ന ശേഷം പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞ് നോക്കാതെ വന്നതോടെ ചികിത്സാചെലവ് താങ്ങാനാവാതെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദിയയുടെ ഉമ്മ ഷാജിറ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ അനുകൂല നടപടിയുണ്ടായി. നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവും വന്നു. അതുകഴിഞ്ഞ് ആറുമാസമായിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയും കുടുംബവും പറയുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുമായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പ്രതികാര മനോഭാവത്തോടെയായിരുന്നു പഞ്ചായത്തിന്റെ പെരുമാറ്റമെന്ന് ദിയയുടെ മാതാവ് ഹാജിറ പറയുന്നു. സര്‍ക്കാരിലേക്ക് അറിയിച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കാമെന്നാണ് പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചതെന്നും ഹാജിറ പറയുന്നു.

 

shortlink

Post Your Comments


Back to top button