സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇന്നലെയും വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗസ്റ്റ് മാസത്തിൽ ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ, സെപ്റ്റംബറിൽ വ്യാപക മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് സെപ്റ്റംബർ 2 മുതൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ പ്രവചിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ മൂന്ന് ചുഴലിക്കാറ്റുകൾ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപീകരിക്കാൻ കാരണമാകുമെന്നും, തൽഫലമായി കേരളത്തിലും മഴ ലഭിക്കുന്നതുമാണ്. തിങ്കളാഴ്ചയോടെ മഴ അതിശക്തമാകാനാണ് സാധ്യത. ആദ്യ ഘട്ടത്തിൽ തെക്കൻ ജില്ലകളിലും, തുടർന്ന് വടക്കൻ ജില്ലകളിലും മഴ ശക്തിപ്രാപിക്കും. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
Post Your Comments