ഡൽഹി: രാജ്യം കൈവരിച്ച ഈ പുരോഗതിയുടെ ഒരു പ്രധാന ഘടകം ഇവിടുത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണെന്ന് ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേക്കനി. കഴിഞ്ഞ ഒമ്പത് വർഷങ്ങളിലെ ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ഘടകം അതിന്റെ ഡിജിറ്റൽ വളർച്ചയാണെന്നും, ഇത് 47 വർഷത്തെ വികസനത്തിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ എക്സ്റ്റെപ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിലേക്കനി.
ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ വിദ്യാഭ്യാസം, ഐഡന്റിറ്റി ഒതന്റീക്കേഷൻ, ഫിനാൻഷ്യൽ ഇൻക്യൂഷൻ എന്നിവയാണ് ഡിജിറ്റലൈസേഷനിലൂടെ വളർച്ച പ്രാപിച്ച ചില സേവനങ്ങൾ. രാജ്യത്തുടനീളം ഒരു ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നത് ഒരു വലിയ മാറ്റത്തിന്റെ പ്രതീകമാണ് എന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ കുറേ വർഷങ്ങളായി പല കാരണങ്ങൾ കൊണ്ട് ഇന്ത്യ വൻ വളർച്ച കൈവരിച്ചിട്ടുണ്ട്. ഡിജിറ്റൽ രംഗത്തെ വളർച്ച സാമ്പത്തിക വളർച്ചയ്ക്ക് ഒരു പ്രധാന കാരണമായി. ആധാർ ഐഡി സംവിധാനമാണ് ഇന്ത്യയുടെ ഡിജിറ്റൽ പരിണാമത്തിന്റെ തുടക്കം. ഓരോ ഇന്ത്യക്കാരനും ഒരു ഡിജിറ്റൽ ഐഡന്റിറ്റി നൽകുക എന്നതായിരുന്നു അതിന്റെ പ്രാരംഭ ലക്ഷ്യം. ഇന്ന്, 1.3 ബില്യണിലധികം ഇന്ത്യക്കാർക്ക് ഒരു ഡിജിറ്റൽ ഐഡി ഉണ്ട്,’ നിലേക്കനി വ്യക്തമാക്കി.
Post Your Comments