തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പൊലീസ്. അതേസമയം, വ്യക്തി വിരോധം കൊണ്ടല്ല കേസ് കൊടുത്തത്. ഒരു ആശയത്തിനെതിരെയാണ് കേസ് കൊടുത്തതെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. എല്ലാ അമ്പുകളും ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ്. ആക്രമണം തുടര്‍ന്നപ്പോഴാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി കട്ടുമുടിച്ചു എന്ന രീതിയിലാണ് പോസ്റ്റുകള്‍. എന്റെ പേരില്‍ അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്ന് തോന്നി. അദ്ദേഹത്തെ സംരക്ഷിക്കാന്‍ വേണ്ടി കൂടിയാണ് കേസ് കൊടുത്തതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.
Read Also: കേന്ദ്രം നല്‍കേണ്ട സഹായം ഔദാര്യമല്ല, രാജ്യത്തിന്റെ വരുമാനം നീതിപൂര്‍വം വിതരണം ചെയ്യണം: മുഖ്യമന്ത്രി
ഭര്‍ത്താവിന്റെ കുടുംബം വര്‍ഷങ്ങളായി ഗള്‍ഫില്‍ ബിസിനസ് ചെയ്യുകയാണ്. ഭര്‍ത്താവിന്റെ അച്ഛനാണ് ബിസിനസ് തുടങ്ങിയതെന്ന് പറഞ്ഞ അച്ചു ഉമ്മന്‍, കമ്പനികളുടെ വിവരങ്ങള്‍ വിശദീകരിച്ചു. കെമിക്കല്‍ ട്രേഡിംഗ് കമ്പനികളാണ് ഭര്‍ത്താവിന്റെ കുടുംബത്തിനുള്ളത്. ഞങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം ഈ കമ്പനികളാണ്. ഭര്‍ത്താവിന്റെ കുടുംബത്തിന് കളങ്കം ഉണ്ടാവരുത്. ഈ കമ്പനികളുടെ കാര്യത്തില്‍ ഏത് അന്വേഷണവും നടത്താമെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ പ്രതികരിച്ചു. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയെ വെറുതെ വിടണം. ഞാനോ ഉമ്മന്‍ ചാണ്ടിയുടെ ആത്മാവോ മാപ്പ് തന്നേക്കാം. എന്നാല്‍ പുതുപ്പള്ളി മാപ്പ് തരില്ലെന്നും അച്ചു പറഞ്ഞു.
Post Your Comments