സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഐഎസ്ആർഒ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 2 ശനിയാഴ്ചയാണ് ആദിത്യ എൽ 1 സൂര്യനെ ലക്ഷ്യമാക്കി കുതിക്കുക. ചന്ദ്രയാൻ- 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറക്കിയതിന്റെ ഒമ്പതാം ദിവസം കൂടിയാണ് സെപ്റ്റംബർ 2. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഔദ്യോഗിക ലോഞ്ച്.
സെപ്റ്റംബർ 2-ന് രാവിലെ 11:50-ന് പി.എസ്.എൽ.വി- എക്സ്.എൽ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 800 കിലോമീറ്റർ മുകളിലുള്ള ലോ എർത്ത് ഓർബിറ്റിലേക്കാണ് ആദിത്യ പേടകത്തെ വിക്ഷേപിക്കുക. അവിടെ നിന്ന് നിരവധി തവണ ഭൂമിയെ ഭ്രമണം ചെയ്യുകയും, പേടകത്തിലെ ത്രസ്റ്ററുകൾ ഉപയോഗിച്ച് ഭ്രമണപഥം വിപുലമാക്കുകയും ചെയ്യും. ചന്ദ്രയാൻ സഞ്ചരിച്ച അതേ മാതൃകയിൽ സഞ്ചാരപഥം ഉയർത്താനാണ് തീരുമാനം.
Also Read: കാറുകള്‍ കൂട്ടിയിടിച്ച് അപകടം: കാറുകളുടെ മുന്‍വശം തകര്‍ന്നു
തീഗോളമായി ജ്വലിക്കുന്ന സൂര്യനെ നിശ്ചിത അകലത്തിൽ നിന്ന് മാത്രമേ നിരീക്ഷിക്കാൻ സാധിക്കുകയുള്ളൂ. 2018-ൽ അമേരിക്കയുടെ നാസ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ് എന്ന പേടകമാണ് ഏറ്റവും ഒടുവിലായി സൂര്യദൗത്യവുമായി ബഹിരാകാശത്ത് എത്തിയത്. ആദിത്യ എൽ-1 ലക്ഷ്യം കണ്ടാൽ സൂര്യദൗത്യം വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും.
Post Your Comments