മൊബൈൽ ഫോൺ ഇല്ലാതെ ഒരാൾക്കും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ മണിക്കൂറോളം ഫോൺ ഉപയോഗിക്കാറുണ്ട്. ഈ ശീലം എല്ലാപ്രായക്കാരിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും കുട്ടികളുടെ കാര്യത്തില്‍ അതല്‍പം ഗുരുതരമാണെന്നു പുതിയ പഠനം.
കുട്ടികളുടെ മാനസികവികസനത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് കാര്യമായ പങ്കുണ്ടെന്ന ഗവേഷണ പഠനം ജാമാ പീഡിയാട്രിക്സ് എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുവയസ്സു പ്രായമുള്ള കുട്ടികളിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ചാണ് പഠനം നടത്തിയത്. ഒരുവയസ്സുള്ളപ്പോള്‍ ഒന്നുമുതല്‍ നാലുമണിക്കൂര്‍ വരെ മൊബൈല്‍ ഫോണ്‍ സ്ക്രീനിനു മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളില്‍ പില്‍ക്കാലത്ത് ആശയവിനിമയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് കുറയുകയും വ്യക്തിപരവും സാമൂഹികവുമായ വികസനത്തില്‍ തടസ്സം നേരിടുകയും ചെയ്യുമെന്നും രണ്ടുവയസ്സാകുമ്പോഴേക്കും ഇത്തരം പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
ജപ്പാനില്‍ നിന്നുള്ള 7,097 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 2013 ജൂലൈയ്ക്കും 2017 മാര്‍ച്ചിനും ഇടയിലാണ് പഠനം നടത്തിയത്. ടൊഹോകു മെഡിക്കല്‍ മെഗാബാങ്ക് പ്രൊജക്റ്റ് ബര്‍ത്ത്, ത്രീ ജനറേഷൻ കൊഹോര്‍ട്ട് സ്റ്റഡി എന്നീ പദ്ധതികള്‍ക്ക് കീഴിലാണ് പഠനം സംഘടിപ്പിച്ചത്.
രണ്ടുവയസ്സില്‍ ദിവസവും നാലുമണിക്കൂര്‍ സമയം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്ന കുട്ടികളില്‍ ആശയവിനിമയവും പ്രശ്നങ്ങളെ പരിഹരിക്കലും സംബന്ധിച്ച കഴിവുകളും മാനസിക വികസനവും മൂന്നുമടങ്ങ് കാലതാമസം നേരിടുമെന്നും പഠനത്തില്‍ കണ്ടെത്തി. നാലും അതിനുമുകളിലും സ്ക്രീൻ സമയം ചെലവഴിക്കുന്നവരില്‍ ഇത് വീണ്ടും ഗുരുതരമാവുമെന്നുമാണ് കണ്ടെത്തൽ.
കുട്ടികള്‍ മൊബൈലിനു മുന്നില്‍ കുത്തിയിരിക്കുന്നത് ഒഴിവാക്കി അവരെ കായിക അധ്വാനമുള്ള കളികളില്‍ മുഴുകിക്കുകയുമാണ് ചെയ്യേണ്ടതെന്നും പരമാവധി ഉറക്കം അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പിക്കണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ സൂചിപ്പിക്കുന്നു.
Post Your Comments