സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. കാലവർഷം ദുർബലമായി തുടരുന്ന സാഹചര്യത്തിലാണ് താപനില ഉയരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും നാളെയും താപനില സാധാരണയേക്കാൾ 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന് 36 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.
വരണ്ട അന്തരീക്ഷമായതിനാൽ തുടർന്നുള്ള ദിവസങ്ങളിലും താപനില ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഇക്കുറി കാലവർഷപാത്തി ഹിമാലയൻ താഴ്‌വരയിലേക്ക് നീങ്ങിയതും, പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസം ശക്തി പ്രാപിച്ചതും മഴയുടെ തോത് കുറയാൻ കാരണമായിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടാതെ, നിർജ്ജലീകരണം ഉണ്ടാകുന്ന പാനീയങ്ങൾ അമിതമായി കഴിക്കുന്ന ശീലവും ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളവും, ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്.
Also Read: അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കാൻ തീരുമാനം, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments