Latest NewsKeralaNews

ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയതിന് പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യാങ്കളി

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത ഡിെൈവഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യാങ്കളി. തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത വഞ്ചിയൂര്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിതീഷിന് പേട്ട പൊലീസ് പിഴയിട്ടതാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്റ്റേഷന്‍ ആക്രമണത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശിയതോടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതോടെ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കാനും ഉത്തരവ് വന്നു.

Read Also: ചരിത്രം പകവീട്ടുന്നത് ഇങ്ങനെയാണ്, ശാസ്ത്ര പുരോഗതി മാത്രമല്ല രാഷ്ട്രീയമായ ഇച്ഛാശക്തി കൂടിയാണ് ഇന്ധനം: വൈറൽ കുറിപ്പ്

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഐമാരേയും ഒരു ഡ്രൈവറേയും സ്ഥലംമാറ്റി. എസ്ഐ മാരായ എം അഭിലാഷ്, എസ് അസീം എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഡ്രൈവര്‍ മിഥുനെ എ ആര്‍ ക്യാമ്പിലേക്കും മാറ്റി. എസ്ഐ അഭിലാഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ചെയ്യേണ്ടതെന്താണെന്നു ഞങ്ങള്‍ക്ക് അറിയാം എന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞതോടെ, ശംഖുമുഖം ഡിസിപി അനുരൂപ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സംഘര്‍ഷം ശമിച്ചത്. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് എസ്ഐ അഭിലാഷിനെതിരെ അന്വേഷണം നടത്തുന്നത്. സ്റ്റേഷനില്‍ വെച്ച് എസ്ഐ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. എസ്.ഐമാര്‍ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി നിതിന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഒരുവാതില്‍കോട്ടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കില്‍ വരികയായിരുന്ന നിതീഷിനെ എസ്ഐമാരായ അഭിലാഷും അസീമും ചേര്‍ന്ന് തടഞ്ഞത്. ഹെല്‍മെറ്റ് ധരിക്കാത്തതിന് നിയമപരമായ പെറ്റി അടയ്ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അപ്പോള്‍ താന്‍ ഡിവൈഎഫ്ഐ ബ്‌ളോക്ക് സെക്രട്ടറിയാണെന്നും അത്യാവശ്യത്തിന് പോകുകയാണെന്നും പറഞ്ഞു. എന്നാല്‍ പെറ്റി അടിച്ചേ മതിയാകൂ എന്ന് പൊലീസുകാര്‍ ശഠിച്ചതോടെ നിതീഷും പൊലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയുമായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button