തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ കുറിച്ച് പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതി വിരുദ്ധമാണെന്ന് പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മറ്റൊരാളുടെ ജോലിയാണ് പിരിച്ചുവിടപ്പെട്ട സതിയമ്മ ചെയ്തുകൊണ്ടിരുന്നതെന്നും ഇതില്‍ പരാതി വന്നപ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പും രംഗത്തെത്തി.
പരിയാരം വെറ്ററിനറി പോളിക്ലിനിക്കിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്കാലിക ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്. നിലവില്‍ ലിജിമോള്‍ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പ് ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ ലിജിമോളല്ല സതിയമ്മയാണ് അവിടെ ജോലി ചെയ്യുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
.
‘ആള്‍മാറാട്ടം നടക്കുന്നതായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരാഴ്ച മുമ്പ് പരാതി കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. യഥാര്‍ത്ഥ ആള്‍ തന്നെ ജോലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനാണ് സതിയമ്മയെ പുറത്താക്കിയത് എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല. വാര്‍ത്ത വന്നപ്പോള്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്’, മന്ത്രി വ്യക്തമാക്കി.
Post Your Comments