രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റിൽ നിന്നും പൈലറ്റുമാർ രാജിവച്ചു. ശമ്പളം കൃത്യമായി ലഭിക്കാത്തതിനെത്തുടർന്ന് നിരവധി ജീവനക്കാർ രാജിവെക്കുമെന്ന് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റുമാർ കൂട്ടത്തോടെ ഗോ ഫസ്റ്റിൽ നിന്നും പടിയിറങ്ങിയത്. ഇതോടെ, കമ്പനി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഈ വർഷം മെയ് മാസമായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവെച്ചത്. സർവീസുകൾ നിർത്തലാക്കിയ മെയ് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഗോ ഫസ്റ്റിൽ നിന്നും ഏകദേശം 500-ലധികം പൈലറ്റുമാരാണ് ജോലി ഉപേക്ഷിച്ചത്. ഇവരിൽ ഭൂരിഭാഗം ആളുകളും എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളിൽ ജോലിക്ക് പ്രവേശിച്ചിട്ടുണ്ട്. നിലവിൽ, 100 പൈലറ്റുമാർ മാത്രമാണ് ഗോ ഫസ്റ്റിൽ ഉള്ളത്. ശമ്പളം കൃത്യമായി ലഭിക്കാത്തതിനെത്തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങളും, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാരും ഗോ ഫസ്റ്റിൽ നിന്നും രാജിവെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടര മാസത്തിനിടെ 1,200 ജീവനക്കാരാണ് രാജിവെച്ചത്.
Also Read: തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
സാമ്പത്തിക പ്രതിസന്ധി വരും മാസങ്ങളിലും തുടരുകയാണെങ്കിൽ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയാൻ സാധ്യതയുണ്ട്. ഇടക്കാല ഫണ്ടിന്റെ സഹായത്തോടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചിരുന്നു. എന്നാൽ, പ്രതിദിന സർവീസുകളിൽ ഒന്നുപോലും ആരംഭിക്കാൻ ഗോ ഫസ്റ്റിന് കഴിഞ്ഞിട്ടില്ല.
Post Your Comments