മൂവാറ്റുപുഴ: ‘മാട്രിമോണി’ സ്ഥാപനത്തിന്റ മറവിൽ അവിവാഹിതരായ യുവതീയുവാക്കളുടെ പക്കൽനിന്നു പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. മുളവൂർ ജോൺപടി ഭാഗത്ത് പാറത്താഴത്ത് ഉമേഷ് മോഹനെ(22)യാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാഴപ്പിള്ളിയിലാണ് പ്രതിയുടെ മാട്രിമോണി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. റോയ്, ഷാനവാസ്, മാത്യു എന്നീ പേരുകളിലാണ് യുവതീയുവാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികൾ നടത്തിയിരുന്നത്. വിവിധ സമൂഹമാധ്യമങ്ങളിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് അത് അവിവാഹിതരായ യുവാക്കൾക്ക് അയച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി. പെണ്ണുകാണൽ എന്ന പേര് പറഞ്ഞ് പ്രതി ഗൂഗിൾ പേ വഴി നിരവധി പേരിൽ നിന്നു പണം തട്ടിയെടുത്തിട്ടുണ്ട്.
പത്രപരസ്യം നൽകി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നുള്ള യുവാക്കളെക്കൊണ്ട് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും വിവാഹങ്ങളൊന്നും നടത്തിയിട്ടില്ല. പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ്ഐ മാഹിൻ സലിം, സീനിയർ സിപിഓമാരായ പി.എ. ഷിബു, ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments