കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സന്ദേശത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. ഉപഭോക്താക്കൾക്ക് 239 രൂപയുടെ റീചാർജ് സൗജന്യമായി കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തോടൊപ്പം ലഭിക്കുന്ന ബ്ലൂ ലിങ്കിൽ ക്ലിക്ക് ചെയ്താൽ 28 ദിവസം കാലാവധിയുള്ള റീചാർജ് പ്ലാൻ ഒരു രൂപ പോലും ചെലവഴിക്കാതെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ഉള്ളടക്കം. എന്നാൽ, ഇത്തരം അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് സാമ്പത്തിക തട്ടിപ്പിന് ഇരയാക്കപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടുണ്ട്.
മോഹന വാഗ്ദാനങ്ങൾ നൽകിയുള്ള ഇത്തരം ലിങ്കിൽ ചെയ്യുമ്പോൾ വ്യാജ വെബ്സൈറ്റിലാണ് ഉപഭോക്താക്കൾ എത്തുക. തുടർന്ന് വ്യക്തിഗത വിവരങ്ങളായ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയും കൈമാറാൻ ആവശ്യപ്പെടും. ഇതോടെ, ഉപഭോക്താക്കൾ വലിയ ചതിക്കുഴിയിലേക്കാണ് വീഴുന്നത്. കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യം എന്ന തലക്കെട്ടോടുകൂടി പ്രചരിക്കുന്നതിനാൽ, തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്.
പ്രധാനമായും വാട്സ്ആപ്പ് മുഖാന്തരമാണ് സൗജന്യ റീചാർജുമായി ബന്ധപ്പെട്ടുള്ള വ്യാജ സന്ദേശവും, ലിങ്കും പ്രചരിക്കുന്നത്. അതേസമയം, ഉപഭോക്താക്കൾ അറിയാതെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പോയിട്ടുണ്ടെങ്കിൽ, ആ വിവരം ഉടൻ തന്നെ സൈബർ പോലീസിനെ അറിയിക്കേണ്ടതാണ്. കൂടാതെ, ബാങ്ക് അക്കൗണ്ട്, ഇ-മെയിൽ അക്കൗണ്ട് തുടങ്ങിയ ഓൺലൈൻ അക്കൗണ്ടുകളുടെ പാസ്‌വേഡ് പെട്ടെന്ന് തന്നെ മാറ്റാൻ ശ്രദ്ധിക്കണം.
Post Your Comments