ന്യൂഡൽഹി: രാജ്യത്തെ 22 കോടി മുസ്‌ലിംകളിൽ ഒന്നോ രണ്ടോ കോടി പേർ മരിച്ചാൽ പ്രശ്‌നമില്ലെന്ന് പ്രസംഗിച്ച കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി വിവാദത്തിൽ. പാർട്ടിയിലെ ചില നേതാക്കൾ മതപര്യടനങ്ങളെ കുറിച്ചും ഹിന്ദുക്കളെ കുറിച്ചും സംസാരിച്ചുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇത്തരക്കാർ ‘ജയ് ഗംഗാ മയ’, ‘ജയ് നർമദ മയ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് വലിയ നാണക്കേടാണെന്നും ഖുറേഷി ആരോപിച്ചു. തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നില്ലെന്ന് പറഞ്ഞ ഖുർഷി, തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും ഒരു കുഴപ്പവുമില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
‘എനിക്ക് ഭയമില്ല, എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കോളൂ. ഇന്ന് നെഹ്‌റുവിന്റെ അനന്തരാവകാശികളും കോൺഗ്രസുകാരും മതപരമായ ഘോഷയാത്രകൾ നടത്തുന്നു, ‘ജയ് ഗംഗാ മയ’ എന്ന് വിളിക്കുന്നു, അവർ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുന്നു, അവർ കോൺഗ്രസ് ഓഫീസിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നു, ഇത് ഒരുതരത്തിൽ മരണമാണ്’, ഖുറേഷി പറഞ്ഞു.
‘എന്തിന് മുസ്ലീങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്യണം? നിങ്ങൾ ജോലി തരുന്നില്ല. നിങ്ങൾ അവരെ പോലീസിലോ പട്ടാളത്തിലോ നേവിയിലോ എടുക്കുന്നില്ല. പിന്നെ എന്തിന് മുസ്ലീങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്യണം?’, ഖുറേഷി ചോദിച്ചു.
കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും സമുദായം തങ്ങളുടെ അടിമകളല്ലെന്ന് മനസ്സിലാക്കണമെന്നും ഖുറേഷി പറഞ്ഞു. ഖുറേഷിയുടെ പ്രസംഗത്തിന്റെ വീഡിയോ ബി.ജെ.പി വക്താവ് പങ്കജ് ചതുർവേദി എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ചു. അസീസ് ഖുറേഷി മുമ്പ് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ജനുവരി 24 ന് സംസ്ഥാന സർക്കാർ അദ്ദേഹത്തെ മധ്യപ്രദേശ് ഉറുദു അക്കാദമിയുടെ പ്രസിഡന്റായി നിയമിച്ചു.
Post Your Comments