തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ ‘മിത്ത്’ പരാമർശത്തിനെതിരാണ് വിശ്വാസ സമൂഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശാസ്ത്രജ്ഞർ വരെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതിയെ പ്രാർത്ഥിക്കുകയും നാളികേരം ഉടയ്ക്കുകയും ചെയ്യുമെന്നും, അങ്ങനെയുള്ള വിഘ്നേശ്വരനെയാണ് ഷംസീർ വെറുമൊരു മിത്താണ് എന്ന് പറഞ്ഞതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. റഷ്യയുടെ ലൂണ 25 തകർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ 3 നെ കുറിച്ച് സംസാരിക്കവെയായിരുന്നു സുരേന്ദ്രൻ മിത്ത് വിഷയം എടുത്തിട്ടത്.
‘നിങ്ങൾ ഈ വാർത്ത കണ്ടിരുന്നോ? ലൂണ താഴെ വീണു. റഷ്യൻ ബഹിരാകാശ പേടകം ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണു. നമ്മുടെ ബഹികാശ പേടകം ചന്ദ്രനിൽ കാലുകുത്തുകതന്നെ ചെയ്യുമെന്നാണ് ലോകത്തിലെ മുഴുവന്‍ ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്. നാം ബഹിരാകാശത്തേക്ക് ഇത്തരം വസ്തുക്കൾ വിക്ഷേപിക്കുമ്പോഴും, ഏത് നല്ലകാര്യം ചെയ്യുമ്പോഴും വിഘ്നേശ്വരനെ പ്രാർഥിക്കുകയും നാളികേരം ഉടയ്ക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചെയ്യുന്നത്.
അങ്ങനെയുള്ള ഭഗവാൻ വിഘ്നേശ്വരനെ, കോടാനുകോടി വരുന്ന ഹിന്ദുസമൂഹത്തിന്റെ എല്ലാമെല്ലാമായ വിഘ്നേശ്വരനെ വെറുമൊരു മിത്താണ് എന്ന് ഭരണഘടനാ പദവിയിൽ ഇരിക്കുന്നൊരാൾ പറഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. മറ്റു മതത്തെയും സ്വന്തം മതത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും വാനോളം പുകഴ്ത്തുന്ന നിയമസഭ സ്പീക്കർ എ എൻ ഷംസീറാണ് ഗണപതി മിത്താണെന്ന് പറയുന്നത്. സ്പീക്കർ എ എൻ ഷംസീറിനെക്കൊണ്ട് പരാമർശം പിൻവലിപ്പിക്കാൻ സി.പി.എം തയാറായില്ല. പ്രതിപക്ഷം തിരുത്തിക്കാനും തയാറായില്ല. വിശ്വാസി സമൂഹം ഒന്നായി ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരാണ്’, സുരേന്ദ്രൻ പറഞ്ഞു.
Post Your Comments