തിരുവനന്തപുരം: പുതുപ്പള്ളിയിലും യുഡിഎഫ് , ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വി എൻ വാസവൻ. പുതുപ്പള്ളി അസംബ്ലി മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള കിടങ്ങൂർ പഞ്ചായത്തിൽ രൂപപ്പെട്ട യുഡിഎഫ്– ബിജെപി സഖ്യം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും പരീക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കിടങ്ങൂരിൽ ബിജെപി വോട്ടിൽ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടിൽ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ച ഒഴിവാക്കാൻ യുഡിഎഫും ബിജെപിയും വിട്ടു നിന്നു. രണ്ട് കൂട്ടരും തമ്മിലുള്ള ബാന്ധവത്തിന്റെ ഉദാഹരണങ്ങളാണിത്. ജനപ്രതിനിധി മരിച്ചുകഴിഞ്ഞ് ഇത്ര പെട്ടെന്ന് കേരളത്തിൽ ഒരിടത്തും ഉപതെരഞ്ഞെടുപ്പ് വന്നിട്ടില്ല. അതും ഓണം, മണർകാട് എട്ട് നോമ്പ് പെരുനാൾ, അയ്യങ്കാളി ജയന്തി, ശ്രീനാരായണ ഗുരുജയന്തി എന്നീ ആഘോഷങ്ങളുടെ നാളുകളിൽ. ഈ ദിനങ്ങളിൽ ഘോഷയാത്രയും മറ്റും നാടെങ്ങും നടക്കുന്നതാണ്. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് രണ്ടാഴ്ച്ചത്തേക്ക് നീട്ടിവയ്ക്കാൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ലെന്ന് അദ്ദേഹം അറിയിച്ചു.
പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും എൽഡിഎഫ് ആവശ്യം നിരസിച്ചതും ഇവർ തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമല്ലെയെന്ന് സംശയിക്കുന്നവരെയും കുറ്റം പറയാനാകില്ല. കുപ്രചരണങ്ങളെയും ബിജെപി യുഡിഎഫ് സഖ്യത്തെയും മറികടന്ന് പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുക തന്നെ ചെയ്യുമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.
Read Also: ‘ഇന്ത്യന്‍ മൂല്യങ്ങൾ സ്വാംശീകരിക്കുന്നതിൽ മാർക്‌സിസ്റ്റുകാർ പരാജയം’: കെ സച്ചിദാനന്ദന്‍
Post Your Comments