Latest NewsIndia

ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ വൻ തട്ടിപ്പ്, വ്യാജസ്ഥാപനങ്ങൾ പണം കൈക്കലാക്കി: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള സ്‌കോളർഷിപ്പ് പദ്ധതിയിൽ വ്യാജ സ്ഥാപനങ്ങൾ വഴി വൻതോതിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. അഞ്ച് വർഷത്തിനിടെ വ്യാജ സ്ഥാപനങ്ങൾ വഴി സർക്കാരിൽ നിന്നും 144.83 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടു.

രജിസ്റ്റർ ചെയ്ത ആയിരത്തിൽപരം സ്ഥാപനങ്ങളിൽ 53 ശതമാനവും വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 830 ഓളം വ്യാജ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്. ഒന്നാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്ക് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.

2007-2008 വർഷത്തിലാണ് പദ്ധതി തുടങ്ങിയത്. 1,80,000 ഓളം സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചിരുന്നു. ഛത്തീസ്ഗഢിൽ 62 സ്ഥാപനങ്ങളും രാജസ്ഥാനിൽ 99 സ്ഥാപനങ്ങളും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പരിശോധനയിൽ ബോധ്യപ്പെട്ടു. അസമിൽ ഇതിനായി പ്രവർത്തിക്കുന്ന 68 ശതമാനം സ്ഥാപനങ്ങളും വ്യാജമാണ്. കർണാടകയിൽ 64 ശതമാനവും പശ്ചിമബംഗാളിൽ 39 ശതമാനവും ഇൻസ്റ്റിറ്റ്യൂട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തി.

യുപിയിലെ 44 ശതമാനം സ്ഥാപനങ്ങളും പട്ടികയിലുണ്ട്. ആക്ഷേപങ്ങൾ ഉയർന്ന 1572 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പരിശോധന നടന്നത്. ഇതിലാണ് 830 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയത്. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള കുട്ടികൾ ഉണ്ടെന്ന് വ്യാജരേഖ ചമച്ച് ഓരോ വർഷവും പണം തട്ടുകയായിരുന്നു. 21 സംസ്ഥാനങ്ങളിൽ നിന്നുളള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധന നടത്തിയതായി മന്ത്രാലയം വ്യക്തമാക്കുന്നു. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാനുൾപ്പെടെ നിർദ്ദേശം നൽകിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button