തൃപ്പൂണിത്തുറ: ഓണ വിളംബരവുമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ്
സ്‌കൂളില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയം ഉദ്ഘാടനം ചെയ്തു.
Read Also: 504 ലിറ്റർ വ്യാജമദ്യവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ
‘അത്തച്ചമയം രാജാധികാരത്തിന്റെ സ്വകാര്യ ആഘോഷമായിരുന്നില്ല, മറിച്ച് ജനങ്ങളുടെ പൊതുവായ ആഘോഷമായിരുന്നു. അത്തച്ചമയത്തിന് പണ്ടേ നിലനിന്നു പോരുന്ന മതനിരപേക്ഷ സ്വഭാവമാണ്. ഈ മതനിരപേക്ഷ സ്വഭാവം വര്‍ത്തമാനകാല ഇന്ത്യയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. തൃപ്പൂണിത്തുറ നല്‍കുന്ന ഈ മതസൗഹാര്‍ദ്ദത്തിന്റെ വെളിച്ചം വര്‍ഗീയതയുടെ അന്ധകാരം പടരുന്ന എല്ലാ ദിക്കിലേക്കും പടരേണ്ടതുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
അത്തച്ചമയ ഘോഷയാത്ര തൃശൂര്‍പൂരം പോലെ വലിയ ആഘോഷമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തുടര്‍ന്ന് നടന്‍ മമ്മൂട്ടി അത്തച്ചമയ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
‘രാജഭരണം പോയി, പ്രജകളാണ് അതായത് നമ്മളാണ് ഇപ്പോള്‍ രാജാക്കന്‍മാര്‍. ഇത് നമ്മുടെ സന്തോഷത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഒക്കെ ഒരു ആഘോഷമാണ്’, മമ്മൂട്ടി പറഞ്ഞു. ഈ ആഘോഷം ഒരു വലിയ സാഹിത്യ, സംഗീത, സാംസ്‌കാരിക ആഘോഷമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
‘ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരേയും ഒന്നുപോലെ കാണുക, അങ്ങനെയൊരു സങ്കല്‍പ്പം ലോകത്ത് എങ്ങും നടന്നിട്ടുള്ളത് നമുക്ക് അറിയില്ല. സൃഷ്ടിയില്‍ പോലും മനുഷ്യര്‍ എല്ലാവരും ഒരുപോലെയല്ല. എന്നാലും മനസ് കൊണ്ടും പെരുമാറ്റം കൊണ്ടും നമുക്ക് ഒരേപോലെയുള്ള മനുഷ്യരാകാം, അതിന് ഈ ആഘോഷങ്ങള്‍ ഉപകരിക്കട്ടെ’, മമ്മൂട്ടി പറഞ്ഞു.
Post Your Comments