തിരുവനന്തപുരം: മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കാനുള്ള ഇടപെടലുകൾക്ക് ഊർജം പകർന്നുകൊണ്ട് കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് ഇന്ന് കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ മുഴുവൻ നഗരസഭകൾക്കും ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ലഭ്യമാക്കാനുദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിക്ക് 2,400 കോടി രൂപയോളം ചെലവ് കണക്കാക്കുന്നു. മാലിന്യ ശേഖരണം മുതൽ സംസ്‌കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിരമായ സംവിധാനങ്ങൾ തയ്യാറാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്‌കരണമെന്നത്. ഈ ലക്ഷ്യം മുൻനിർത്തി എൽഡിഎഫ് സർക്കാർ 2016 മുതൽ നടപ്പിലാക്കിവരുന്ന ‘നവകേരളം’ പദ്ധതിയുടെ തുടർച്ചയായാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആവിഷ്‌കരിച്ചിരിക്കുന്നത്. മാലിന്യസംസ്‌കരണ രംഗത്തെ സംരംഭക സാധ്യതകളെയും ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ ആരോഗ്യകരവും പ്രകൃതിക്കിണങ്ങുന്നതുമായ സാമൂഹിക ജീവിതമുള്ളവരായി കേരള സമൂഹത്തെ മാറ്റിത്തീർക്കാൻ വിവിധ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നത്. അത്യാധുനിക മാലിന്യസംസ്‌കരണ രീതികൾ കൈവശമുള്ള നാടായി കേരളം ഇനിയുമുയരണം. ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments