Latest NewsKeralaNews

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാല്‍ അനുവദിക്കില്ല: എ.കെ ബാലൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദങ്ങളിൽ പ്രതികരിച്ച് സി.പി.എം നേതാവ് എ.കെ ബാലന്‍. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാല്‍ അനുവദിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാത്യു കുഴൽനാടനെതിരെയായിരുന്നു ബാലന്റെ പ്രതികരണം.

വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാകുമോ എന്ന് എ.കെ ബാലന്‍ ചോദിച്ചു. ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാല്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. ഓരോ ദിവസവും അവാസ്തവമായ കാര്യങ്ങള്‍ എന്തിനുവേണ്ടിയാണ് മാത്യു കുഴല്‍നാടന്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആദായനികുതി വകുപ്പ് മതിയായ നികുതി അടച്ചില്ലെന്ന് പറഞ്ഞ് നോട്ടിസ് അയച്ചോയെന്നും എന്ന് ജിഎസ്ടി പറഞ്ഞോയെന്നും ചോദിച്ച എകെ ബാലന്‍, വായില്‍ തോന്നിയതാണ് മാത്യു കുഴല്‍നാടന്‍ വിളിച്ചുകൂവുന്നതെന്ന് പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, മന്ത്രി മുഹമ്മദ് റിയാസും കുഴൽനാടനെതിരെ രംഗത്ത് വന്നിരുന്നു. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നുവെന്നും ഉയർത്തുന്ന ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി വീണയ്‌ക്കൊപ്പം നിൽക്കുന്നതെന്നും നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button