പെൺകുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പ് പ്രോഗ്രാമുമായി ഇൻഫോസിസ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ ഉന്നത പഠനത്തിനായി ‘സ്റ്റെം സ്റ്റാഴ്സ്’ സ്കോളർഷിപ്പാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫോസിസിന്റെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ ഇൻഫോസിസ് ഫൗണ്ടേഷനാണ് സ്കോളർഷിപ്പ് നൽകുന്നത്. സ്കോളർഷിപ്പിനായി 100 കോടി രൂപയോളം വകയിരുത്തിയിട്ടുണ്ട്. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
ബിരുദാനന്തര ബിരുദം വരെയുള്ള പഠനത്തിന് വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത കോളേജുകളിലെ 2,000 വിദ്യാർത്ഥിനികൾക്ക് നാല് വർഷത്തേക്ക് സാമ്പത്തിക സഹായം ലഭിക്കും. കോഴ്സ് കാലയളവിലേക്ക് ട്യൂഷൻ ഫീസ്, ജീവിത ചെലവ്, പ്രതിവർഷം ഒരു ലക്ഷം രൂപ വരെയുള്ള പഠന സാമഗ്രികൾ എന്നിവ സ്കോളർഷിപ്പിന് കീഴിൽ ഉറപ്പുവരുത്തും. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ അംഗീകൃത സ്ഥാപനങ്ങൾ, ഐഐടികൾ, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് പിലാനി, എൻഐടികൾ, പ്രശസ്ത മെഡിക്കൽ കോളേജുകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Also Read: തിരുവല്ലം ടോള്‍ പ്ലാസയിൽ കൂട്ടിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ പുതിയ നിരക്ക് ഇങ്ങനെ
Post Your Comments