ഹിമാചൽ പ്രദേശിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21, 22 തീയതികളിൽ ഹിമാചൽ പ്രദേശിലെ 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഓഗസ്റ്റ് 21 മുതൽ 24 വരെയാണ് മഴ അനുഭവപ്പെടാൻ സാധ്യത. ഇത് മഴക്കെടുതിയുടെ തീവ്രത വീണ്ടും വർദ്ധിക്കാൻ കാരണമായേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ താഴ്ന്ന, മധ്യ മലനിരകളിലെ ചില സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ട്. കാൻഗ്ര, ചമ്പ, ഷിംല, മാണ്ഡി, കുളു, സിർമൗർ, സോളൻ, കിന്നൗർ, ലാഹൗൾ സ്പിതി എന്നീ ജില്ലകളിൽ മഴ കനത്തേക്കും.
Also Read: നാളെ അത്തം, അത്തപൂക്കളം എങ്ങനെ ഒരുക്കണം? അറിയാം ഈ കാര്യങ്ങൾ
ദിവസങ്ങളോളം ശക്തമായ മഴ അനുഭവപ്പെടുന്നതിനാൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായിട്ടുണ്ട്. മഴക്കെടുതിയെ തുടർന്ന് ഗതാഗതം, വൈദ്യുതി, വാർത്താവിനിമയം തുടങ്ങിയ അവശ്യ സേവനങ്ങൾ എല്ലാം താറുമാറായിട്ടുണ്ട്. ഇവ പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
Post Your Comments