നിഷ 3 മാസത്തിനിടെ വിവാഹം കഴിച്ചത് 3 യുവാക്കളെ! ഒരാഴ്ച്ചയ്ക്കുള്ളിൽ മുങ്ങും, നവവരന്മാർക്കെല്ലാം ഉണ്ടായത് വലിയ നഷ്ടങ്ങൾ

വിവാഹം കഴിച്ച് യുവാക്കളിൽ നിന്നും സ്വർണവും പണവും തട്ടുന്ന നഴ്സായ യുവതി പിടിയിൽ. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. നിഷ എന്ന സോണിയയാണ് അറസ്റ്റിലായത്. യുവതിയുടെ കൂട്ടാളികളായ സംഗീത, അനിത എന്നീ യുവതികളും അറസ്റ്റിലായിട്ടുണ്ട്. മൂന്ന് മാസത്തിനിടെ മൂന്ന് യുവാക്കളെയാണ് നിഷ വിവാഹം കഴിക്കുകയും സ്വർണവും പണവുമായി കടന്നുകളയുകയും ചെയ്തത്. ഹരിയാനയിലെ യുമാന നഗറിൽ നിന്നാണ് ദൗസ പൊലീസ് യുവതിയെ പിടികൂടിയത്.

നിഷ എന്ന പേരിൽ യുവാക്കളുമായി അടുപ്പം സ്ഥാപിച്ച യുവതി ബിൽവാരാ, ദൗസ, പാനിപ്പത്ത് എന്നിവിടങ്ങളിലായാണ് കല്യാണ തട്ടിപ്പ് നടത്തിയത്. നിഷയെയും കൂട്ടാളികളെയും ഈ തട്ടിപ്പിന്റെ ഭാഗമാകാൻ സാധ്യതയുള്ള മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
സംഭവം ഇങ്ങനെ,
രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഒരു യുവാവിനെ ജൂൺ 14ന് നിഷ വിവാഹം ചെയ്തു. വിവാഹ ഇടനിലക്കാർ വഴിയാണ് യുവാവുമായി പരിചയം സ്ഥാപിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്റെ കുടുംബത്തെ കാണാനെന്ന പേരിൽ യുവതി വീടുവിട്ടു. പിന്നീട് യുവതി മടങ്ങിയെത്തിയില്ല. ഇതിനിടെ പല ആവശ്യങ്ങൾ പറഞ്ഞ് യുവാവിന് വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മേയിൽ രാജസ്ഥാനിലെ ബിൽവാരയിലെ ഒരു യുവാവിനെ നിഷ വിവാഹം ചെയ്തിരുന്നെന്നും സമാന രീതിയിൽ പണം തട്ടി കടന്നെന്നും കണ്ടെത്തി.

ഇതിനിടെ, ഹരിയാനയിലെ പാനിപ്പത്തിലെത്തിയ യുവതി ജൂലായിൽ അവിടെയുള്ള ഒരാളെ വിവാഹം ചെയ്ത് പണം തട്ടി. അടുത്ത തട്ടിപ്പിനായി തയാറെടുത്ത നിഷയെ ദൗസ പൊലീസ് ഹരിയാനയിലെത്തി പിടികൂടുകയായിരുന്നു. സോണിയ എന്ന പേരിലും നിഷ അറിയപ്പെട്ടിരുന്നു. നിഷയുടെ സഹായികളായ സംഗീത, അനിത എന്നിവരെയും പൊലീസ് പിടികൂടി. വിവാഹ ഇടനിലക്കാരും ഏജൻസികളും അടക്കം വലിയൊരു സംഘം തന്നെ നിഷയ്ക്ക് പിന്നിലുണ്ടെന്ന് കരുതുന്നു. നിലവിൽ നിഷയേയും സഹായികളേയും ചോദ്യം ചെയ്തുവരികയാണ്.

Share
Leave a Comment