ഓൾ ഇന്ത്യ പെർമിറ്റുളള ടൂറിസ്റ്റ് വാഹനങ്ങളെ പ്രവേശന നികുതിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പ്രവേശന നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ടുളള നിർദ്ദേശങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. കത്ത് മുഖാന്തരമാണ് വിവരങ്ങൾ കൈമാറിയിട്ടുള്ളത്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് ഉള്ള വാഹനങ്ങളിൽ നിന്ന് ഒരു തരത്തിലുള്ള നികുതിയും ഈടാക്കരുതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം മുഴുവൻ സർവീസ് നടത്താൻ അനുമതിയുള്ളവയാണ് ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾ. രാജ്യം മുഴുവൻ തടസമില്ലാതെ വിനോദസഞ്ചാരികൾക്ക് യാത്ര ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങൾക്ക് പെർമിറ്റ് നൽകുന്നത്.
മോട്ടോർ വെഹിക്കിൾ (എംവി) ആക്ട് 1988 പ്രകാരം, രാജ്യത്തുടനീളമുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് പെർമിറ്റ് നൽകുന്നതിനും, പെർമിറ്റ് ഫീസ് വാങ്ങുന്നതിനും ഉള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രമാണുള്ളത്. ഈ ചട്ടം നിലനിൽക്കുന്നതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. മന്ത്രാലയത്തിന്റെ പോർട്ടൽ അനുസരിച്ച്, രാജ്യത്ത് 91,000-ലധികം എഐടിപികളാണ് ഉള്ളത്.
Post Your Comments