ചങ്ങനാശേരി: ബൈക്കും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ചങ്ങനാശേരി വടക്കേക്കര ചെത്തിക്കാട് സെബാസ്റ്റ്യന്റെ മകന് ലിന്സണ് സെബാസ്റ്റ്യന്‍ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ശബരി(21)യെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 10.30-ന് എംസി റോഡില്‍ തുരുത്തി പള്ളിക്കും കാനായ്ക്കും ഇടയിലുള്ള ബ്ലാക്ക് സ്പോട്ട് ഭാഗത്താണ് അപകടം. ചങ്ങനാശേരിയില്‍നിന്നു കോട്ടയം ഭാഗത്തേക്ക് പോയ മിനിവാന്‍ എതിരേ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ലിന്സണ് റോഡിലേക്കു തെറിച്ചു വീണു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിന്സണ് മരിക്കുകയായിരുന്നു.
ചങ്ങനാശേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കുറിച്ചിയിലുള്ള സുഹൃത്തിനെ കണ്ടശേഷം വടക്കേക്കരയിലുള്ള വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വടക്കേക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മാതാവ് മിനി സെബാസ്റ്റ്യന്‍. സഹോദരങ്ങള്‍: ലിജോ സെബാസ്റ്റ്യന്‍, ലിബിന് സെബാസ്റ്റ്യന്‍.
Post Your Comments