അമിത വണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ ഏറെയാണ്. അമിത വണ്ണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വർധിച്ച് വരികയാണ്. വണ്ണം കുറയ്ക്കാൻ എത്ര ശ്രമിച്ചാലും ചിലർക്ക് സാധിക്കാറില്ല. വലിയ അളവിൽ കൊഴുപ്പും കാർബോ ഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് വണ്ണം കുറയ്ക്കാൻ ആദ്യം ചേയ്യേണ്ടത്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണസാധനങ്ങൾ സഹായിക്കാറുണ്ട്. അത്തരത്തിൽ ഭക്ഷണത്തിൽ സ്ഥിരം ഉൾപ്പെടുത്താൻ സാധിക്കുന്ന രണ്ടെണ്ണമാണ് കാബേജ് ഉപ്പേരിയും കോവയ്ക്കാ ഉപ്പേരിയും. ഈ രണ്ട് ഉപ്പേരികളും അമിത വണ്ണം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
കോവയ്ക്കാ ഉപ്പേരി:
ഇളം കോവക്ക വെള്ളത്തിൽ കഴുകുക. ശേഷം ചെറുതായി അരിഞ്ഞെടുക്കുക.
ഉള്ളി ചെറുതായി അരിയുക.
1 ടീസ്പൂൺ അരിയും ഒരു വറ്റൽ മുളകും ചെറിയ ചൂടിൽ ഫ്രൈ ചെയ്തെടുത്ത ശേഷം ഇത് മിക്സിയിൽ ഇട്ട് പൊടിക്കുക.
ഒരു പാത്രത്തിൽ 1 ടീസ്പൂൺ എണ്ണ ചൂടാക്കുക.
½ ടീസ്പൂൺ കടുക്, ¼ ടീസ്പൂൺ ജീരകം എന്നിവ ഇതിലേക്കിട്ട് പൊട്ടിക്കുക.
ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. മഞ്ഞപ്പൊടിയുടെ പച്ച മണം പോയ ശേഷം അരിഞ്ഞ് വെച്ച കോവയ്ക്കായും ഉള്ളിയും ഇതിലേക്ക് ചേർക്കുക. ഇതോടൊപ്പം പൊടിച്ച് വെച്ച അരിയും ചേർത്തുകൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഏകദേശം 3 ടേബിൾസ്പൂൺ വെള്ളം ചേർക്കുക. ശേഷം മൂന്ന് മിനിറ്റ് നേരം ഇത് അടച്ച് വെച്ച് വേവിക്കുക.
കാബേജ് ഉപ്പേരി:
കാബേജ് ചെറുതായി അരിയുക. ശേഷം കഴുകി മാറ്റി വെയ്ക്കുക.
ചെറിയ കഷ്ണത്തിൽ ഉള്ളിയും അരിഞ്ഞ് മാറ്റി വെയ്ക്കുക.
1 പച്ചമുളക് കീറിയെടുക്കുക.
ഒരു പാനിൽ 1 ടീസ്പൂൺ എണ്ണ ചൂടാക്കുക. ½ ടീസ്പൂണ് കടുക് വിതറി അതോടൊപ്പം അര ടീസ്പൂൺ ചെറിയ പരിപ്പും ചേർത്തുകൊടുക്കുക.
അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റി ഇതിലേക്ക് കാബേജ്, ഉള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഏകദേശം 2 മിനിറ്റ് അടച്ച് വേവിക്കുക. 1 ടേബിൾസ്പൂൺ അരച്ച തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്യുക.
Post Your Comments