കോടികളുടെ ഓഹരികൾ വിറ്റഴിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. ഇൻഡിഗോയുടെ 5.1 ശതമാനം വരുന്ന 2 കോടി ഓഹരികളാണ് ഗംഗ്വാൾ കുടുംബം വിറ്റഴിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2 കോടി ഓഹരികൾ 4,837 കോടി രൂപയ്ക്ക് ബ്ലോക്ക് ഇടപാടിലൂടെയാണ് കൈമാറിയിട്ടുള്ളത്. ഇതോടെ, ഇൻഡിഗോ ഓപ്പറേറ്ററായ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ ഇന്ന് ഓഹരി വിപണിയിൽ 4.5 ശതമാനം ഇടിവ് നേരിട്ടു. മാസങ്ങൾക്ക് മുൻപ് തന്നെ ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗംഗ്വാളിന്റെ നേതൃത്വത്തിലുള്ള ഗംഗ്വാൾ കുടുംബം ഓഹരികൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ നൽകിയിരുന്നു.
ഒരു ഓഹരിക്ക് 2,400 രൂപ ഫ്ലോർ പ്രൈസിലാണ് ഓഹരി വിറ്റിരിക്കുന്നത്. ഇതിനു മുൻപും ഗംഗ്വാൾ കുടുംബം ഇൻഡിഗോയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. 2022 സെപ്തംബറിൽ ഇൻഡിഗോയുടെ 2.8 ശതമാനം ഓഹരികൾ 2,000 കോടി രൂപയ്ക്കാണ് വിറ്റത്. ഇതുകൂടാതെ, ഈ വർഷം ഫെബ്രുവരിയിൽ 4 ശതമാനം ഓഹരി 2,900 കോടി രൂപയ്ക്കും വിറ്റിരുന്നു. നിലവിൽ, ഗംഗ്വാൾ കുടുംബത്തിന് ഇൻഡിഗോയിൽ 29.72 ശതമാനം ഓഹരിയാണ് ഉള്ളത്. ഘട്ടം ഘട്ടമായി ഓഹരികൾ വിറ്റഴിച്ച് കമ്പനിയിൽ കുടുംബത്തിന്റെ ഉടമസ്ഥാവകാശം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read: നിരവധി തവണ യുവതിയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തി: യുവാവിന് പിഴ ചുമത്തി കോടതി
Post Your Comments