KeralaLatest NewsNews

നവകേരള നിർമിതിക്കു പ്രാധാന്യം നൽകണം: ഓരോ കേരളീയന്റെയും ആത്മാർഥ സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ മേഖലകളിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണു നവകേരളം ഒരുക്കുകയെന്നും അതിന് ഓരോ കേരളീയന്റെയും ആത്മാർഥ സഹായവും സഹകരണവുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യലബ്ധിക്കു പ്രാധാന്യം നൽകിയവരാണു നമ്മുടെ പൂർവികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമിതിക്കാണു നാം പ്രാധാന്യം നൽകേണ്ടത് – മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

Read Also: അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്, പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത്: ആര്‍ ബിന്ദു

സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷം ആകുമ്പോഴേക്കും ലോകോത്തര നിലവാരമുള്ള വികസിത മധ്യവരുമാന സമൂഹമാക്കിയും വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കാനാണു സർക്കാർ യത്നിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നേട്ടങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാകുന്നു എന്നുറപ്പാക്കും. 2016ൽ 5.6 ലക്ഷം കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം. ഒടുവിലത്തെ കണക്കുകൾ പ്രകാരം ഇത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. ഏഴു വർഷംകൊണ്ട് 84 ശതമാനം വർധനവുണ്ടായി. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നു. 54 ശതമാനത്തിലധികം വർധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണു സർക്കാർ സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടത് ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തിലെത്തി. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിച്ചത്. 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട ആയിരം സംരംഭങ്ങളെ, ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയർത്തുന്നതിനുള്ള മിഷൻ തൗസൻഡ് പദ്ധതി നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഐടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 85,540 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് സംസ്ഥാനത്തുനിന്നുണ്ടായത്. ഈ കാലയളവിൽ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐ ടി മേഖലിൽ സൃഷ്ടിക്കപ്പെട്ടു. ഐടി സ്പേസിന്റെ കാര്യത്തിൽ 75 ലക്ഷത്തോളം ചതുരശ്രയടിയുടെ വർധനവുണ്ടായി. യുവാക്കളെ തൊഴിൽ നൈപുണ്യം സിദ്ധിച്ചവരാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം എന്നിവ നടപ്പാക്കിവരികയാണ്. അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു 2016 ൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടന്നുകൊണ്ട് 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞു. 2016 മുതൽ 2023 വരെ ആകെ 81,000 ത്തോളം കോടി രൂപയുടെ 1,057 വികസന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രമല്ല, ക്ഷേമ മേഖലയിലും സവിശേഷമായ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ നാലു ലക്ഷത്തിലധികം വീടുകൾ, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ, തുടങ്ങിയവയെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രത്യേക പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം ഇത്തരമൊരു മുൻകൈയ്യെടുക്കുന്നത്. 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരരായി കണ്ടെത്തിയിട്ടുള്ളത്. അവർക്കുള്ള സർക്കാർ രേഖകൾ ഇതിനോടകം ലഭ്യമാക്കിക്കഴിഞ്ഞു. അവരുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനുള്ള മൈക്രോപ്ലാനുകളുടെ രൂപീകരണവും പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടലുകളിലൂടെ 2025 ഓടെ കേരളത്തിൽ നിന്നും അതിദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഉൾക്കൊള്ളലും ഉൾച്ചേർക്കലും മുഖമുദ്ര ആയിട്ടുള്ള നവകേരളം യാഥാർത്ഥ്യമാക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വി എൻ വാസവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button