ക്ഷേത്രങ്ങളിൽ ഗണപതിഹോമം നിർബന്ധമാക്കി ദേവസ്വം ബോർഡ്: ഹോമം പരിശോധിക്കാൻ വിജിലൻസ് അടക്കമെത്തും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഗണപതിഹോമം നിർബന്ധമാക്കുന്നു. ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നിനും വിനായകചതുർഥിക്കും ഗണപതിഹോമം നടത്താനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. സ്പീക്കർ എ എൻ ഷംസീറിന്റെ ​ഗണപതി വിരുദ്ധ പരാമർശം വിവാദമായതിന് പിന്നാലെയാണ് എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നായ വ്യാഴാഴ്ചയും വിനായകചതുർഥി ദിവസമായ 20-നുമാണ് ഗണപതിഹോമം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, സ്പീക്കറുടെ വിവാദ പരാമർശം ഗണപതിഹോമം നടത്താനുള്ള തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് ബോർഡിന്റെ വിശദീകരണം.മിത്ത് വിവാദത്തിൽ, ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്ന പ്രതീതി കൊണ്ടുവരാനാണ് തിരക്കിട്ട ഈ ഉത്തരവെന്നാണ് വിലയിരുത്തൽ.  രണ്ടുദിവസം ഗണപതിഹോമം നിർബന്ധമാക്കി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഉത്തരവ് ഇറക്കിയത് അതിന് തന്നെയാണെന്നാണ് സൂചന.  ചിങ്ങം ഒന്നായ വ്യാഴാഴ്ചയും വിനായകചതുർഥി ദിവസമായ 20-നുമാണ് വിശേഷാൽ ഗണപതിഹോമം നിർബന്ധമാക്കിയത്.

ബോർഡിനു കീഴിൽ 1254 ക്ഷേത്രങ്ങളാണുള്ളത്. മുൻകാലങ്ങളിലും ഗണപതിക്ഷേത്രങ്ങളിൽ ഹോമം നടത്താറുണ്ട്. വിനായകചതുർഥിക്ക് കുറേക്കൂടി വിശാലമാവുകയും ചെയ്യും. ഇതിനൊന്നും ബോർഡ് പ്രത്യേക ഉത്തരവ് നൽകാറുണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ എല്ലാ ക്ഷേത്രങ്ങളിലും നടത്തണമെന്ന് ക്ഷേത്രങ്ങൾക്ക് ദേവസ്വംബോർഡ് ഉത്തരവിലൂടെ നിർദേശം നൽകുകയായിരുന്നു.

ഓൺലൈൻ സംവിധാനം ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളിലൂടെ സ്വകാര്യക്ഷേത്രങ്ങളുമായി മത്സരത്തിന് ദേവസ്വം ക്ഷേത്രങ്ങളെ പ്രാപ്തമാക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഗണപതിഹോമം എല്ലാ ക്ഷേത്രങ്ങളിലും നടത്തുന്നതുൾപ്പെടെയുള്ള തീരുമാനമെന്ന് ദേവസ്വംബോർഡ് വ്യക്തമാക്കുന്നു. രണ്ടുദിവസവും നടക്കുന്ന ഗണപതിഹോമത്തിന് വ്യാപക പ്രചാരണം നൽകണമെന്നും ബുക്കിങ് സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിനുള്ള ക്രമീകരണം ഒരുക്കേണ്ടത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും സബ്ഗ്രൂപ്പ് ഓഫീസർമാരുമാണ്.

ബോർഡ് നിർദേശിച്ചതുപോലെ ഹോമം നടക്കുന്നുണ്ടോയെന്ന് പരിശോധനയുണ്ടാകും. ഇതിന് വിജിലൻസ് വിഭാഗത്തിനു പുറമേ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ-ഇൻസ്പെക്‌ഷൻ എന്നിവരെ ചുമതലപ്പെടുത്തി.

Share
Leave a Comment