കാബൂള്‍: ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ് അഫ്ഗാനിസ്ഥാന് ജനത, പ്രത്യേകിച്ചും വനിതകള്‍. 2021 ഓഗസ്റ്റ് 15 ന് അധികാരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെ പ്രതീക്ഷ നല്കുന്ന പ്രഖ്യാപനമായിരുന്നു താലിബാന്റേത്. ‘ഞങ്ങളുടെ ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ പഠിക്കാനും ജോലി ചെയ്യാനും ഞങ്ങള്‍ സ്ത്രീകളെ അനുവദിക്കും. സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ വളരെ സജീവമായി തുടരും,’ അധികാരമേറ്റതിനു പിന്നാലെയുള്ള ആദ്യ പത്രസമ്മേളനത്തില്‍ താലിബാന് നിലപാട് ഇങ്ങനെയായിരുന്നു.
പക്ഷേ, ആ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നതാണു പിന്നീട് കണ്ടത്. തുടര്‍ച്ചയായ മതപരമായ ഉത്തരവുകളിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി നീക്കം ചെയ്യപ്പെട്ടു.
അധികാരമേറ്റ് ഒരു മാസത്തിന് ശേഷമാണു സ്ത്രീകളോടുള്ള താലിബാന്റെ യാഥാര്‍ത്ഥ മുഖം പുറത്തുവന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു രാജ്യത്തെ സെക്കന്‍ഡറി സ്കൂളുകള്‍ തുറന്നു. ഉത്തരവില്‍ പെണ്‍കുട്ടികളെക്കുറിച്ചു പരാമര്‍ശമില്ലായിരുന്നു. പ്രവേശനം അനുവദിച്ചത് ആണ്‍കുട്ടികള്‍ക്കു മാത്രം. ക്ലാസില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനമില്ലെന്നു താലിബാന് പരസ്യമായി പറഞ്ഞില്ല. പക്ഷേ, സ്കൂളിലെത്തിയ കുട്ടികളെ തിരിച്ചയച്ചു. അതേ ആഴ്ച, കാബൂള്‍ നഗര അഡ്മിനിസ്ട്രേഷനിലെ വനിതാ ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ മേയര്‍ ആവശ്യപ്പെട്ടു, പുരുഷന്മാര്ക്ക് ചെയ്യാന്‍ കഴിയാത്ത ജോലികള്‍ ചെയ്യുന്നവരെ മാത്രമേ തുടരാന്‍ അനുവദിച്ചുള്ളൂ.
രാജ്യാന്തര മാധ്യമങ്ങളുടെ ചോദ്യത്തിനു സ്കൂളില്‍ പോകാന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ലെന്ന വിശദീകരണമായിരുന്നു താലിബാന്റേത്.
Post Your Comments