തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠനം ലളിതമാക്കാനും കുട്ടികൾക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ മറ്റ് ഭാഷകളും പഠിപ്പിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ കൈറ്റ് ഇ-ലാംഗ്വേജ് ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാൻ അവസരം നൽകുന്ന രീതിയിലാണ് ഇ-ക്യൂബ് ഇംഗ്ലീഷ് ഒരുക്കിയിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന് മുൻപും നടപ്പാക്കിയപ്പോഴും അതിന് ശേഷവും ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഐടി ഫോർ ചെയ്ഞ്ച് എന്നീ സ്ഥാപനങ്ങൾ പ്രത്യേക പഠനം നടത്തിയിരുന്നു. പദ്ധതി നടപ്പാക്കിയ സ്‌കൂളുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാശേഷി കൂടിയതായി പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഠന റിപ്പോർട്ട് പരിശോധിച്ച് തുടർപ്രവർത്തനങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇ-ക്യൂബ് ഇംഗ്ലീഷ് പഠന റിപ്പോർട്ട് മന്ത്രി പുറത്തിറക്കി.
മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി മുഖ്യപ്രഭാഷണം നടത്തി. യുനിസെഫിന്റെ സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധൻ സയീദ് മുഹമ്മദ്, ഐടി ഫോർ ചേഞ്ച് ബാംഗ്ലൂർ ഡയറക്ടർ ഡോ ഗുരുമൂർത്തി കാശിനാഥൻ, കൈറ്റ് സീനിയർ കൺസൾട്ടന്റ് ഡോ പി കെ ജയരാജൻ, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.
Read Also: താലിബാന്‍ ഭരണം എല്ലാവര്‍ക്കും മാതൃക, നബിയെ പോലെ കരുണയുള്ളവരാണ് താലിബാന്‍: ഇമാം സുലൈമാന്‍ ഗാനി
Post Your Comments