കൊച്ചി: കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്തെന്നും തെറ്റ് ചെയ്തവർ മാപ്പ് പറയണമെന്നും വ്യക്തമാക്കി മഹാരാജാസ് കോളജിലെ അധ്യാപകൻ ഡോക്ടർ പ്രിയേഷ്. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂലമായ സാഹചര്യങ്ങൾ മറികടന്നാണ് ഇത്രയും വരെ എത്തിയതെന്നും പ്രിയേഷ് കൂട്ടിച്ചേർത്തു.
അംഗപരിമിതനായ ഒരാളെ കളിയാക്കാനുള്ള ഏറ്റവും വലിയ ആയുധം അയാളുടെ പരിമിതിയെ കളിയാക്കുക എന്നുള്ളതാണ്. അതാണ് തന്നെയും വേദനിപ്പിച്ചത്. പരാതി കൊടുത്തതിന് ശേഷമാണ് കുട്ടികൾ ആരാണ് എന്നുള്ള പേര് കേൾക്കുന്നത്. ഫാസിലുമായി യാതൊരു പ്രശ്നവുമില്ല. മാത്രമല്ല ഒരു വിദ്യാർഥിയോടും വ്യക്തിപരമായി പ്രശ്നമില്ല. മുഹമ്മദ് ഫാസിൽ വൈകിവരുന്ന ആളാണെന്നും ക്ലാസിൽ വരുമ്പോൾ പെർമിഷൻ ചോദിച്ചിരുന്നു എന്നും പ്രിയേഷ് പറഞ്ഞു.
കസേര എടുത്ത് മാറ്റിയ സ്വാതി എന്ന കുട്ടി എന്നെ സഹായിക്കുകയാണ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല. അംഗപരിമിതരായ ആളുകളുടെ പ്രയാസത്തെ മനസിലാക്കണം. കോളജിനുള്ളിൽ തന്നെ വിഷയം പറഞ്ഞുതിർക്കണം എന്നാണ് ആഗ്രഹമെന്നും കുട്ടികൾ മാപ്പ് പറഞ്ഞതിന് ശേഷം ക്ലാസിൽ കയറട്ടെയെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു.
Post Your Comments