ഹിമാചൽ പ്രദേശിലെ തോരാത്ത പേമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഉയരുന്നു. കനത്ത മഴയെ തുടർന്ന് അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർക്കാണ് ജീവൻ നഷ്ടമായത്. ഷിംലയെയും മണ്ഡി ജില്ലയെയുമാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനമായ ഇന്ന് രാജ്ഭവനിൽ നടക്കുന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങ് മാറ്റിവെച്ചിട്ടുണ്ട്. ഗവർണർ ശിവപ്രതാപ് ശുക്ലയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
സോളൻ ജില്ലയിലെ ജാദോൻ ഗ്രാമത്തിൽ ഉണ്ടായ മേഘ വിസ്ഫോടനത്തിൽ ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ജുട്ടോഗിലും, സമ്മർ ഹിൽസ്റ്റേഷനും ഇടയ്ക്കുള്ള കാൽക്ക-ഷിംല റെയിൽവേ ട്രാക്ക് കനത്ത മഴയെ തുടർന്ന് ഒലിച്ചു പോയിട്ടുണ്ട്. ഷിംല സമ്മർ ഹില്ലിലെ ശിവക്ഷേത്രം ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നതിനാൽ, ക്ഷേത്രത്തിൽ ഉണ്ടായിരുന്ന 9 പേർ മരിച്ചു. നിലവിൽ, കരസേന, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മണ്ഡി ജില്ലയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 7 പേർ ഒലിച്ചു പോയിട്ടുണ്ട്. വരും മണിക്കൂറുകളിൽ മരണസംഖ്യ വീണ്ടും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് ഖുരു വ്യക്തമാക്കി. അതേസമയം, ഉത്തരാഖണ്ഡിലെ 6 ജില്ലകളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഴ ശക്തമായതിനാൽ ചാർധാം തീർത്ഥാടന യാത്ര രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചലിലും ഇന്ന് റെഡ് അലർട്ടാണ്.
Leave a Comment