കുട്ടിക്കാനം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം പാറക്കല്ലും മണ്ണും മരവും കാറിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഉപ്പുതറ പുളിങ്കട്ട കൂവലേറ്റം ചാത്തനാട്ട്സോമിനിയാണ്(54) മരിച്ചത്. കട്ടപ്പന സ്വദേശികളും പോലീസ് ദമ്പതിമാരുമായ ബിബിൻ (35), അനുഷ്ക(31), മക്കളായ ആദവ് (5), എട്ടുമാസം പ്രായമുള്ള ലക്ഷ്യ, അനുഷ്കയുടെ അമ്മ ഷീല (56) എന്നിവർക്ക് പരിക്കേറ്റു. കുട്ടികൾക്ക് കാര്യമായ പരിക്കില്ല.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം. ഉച്ചമുതൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയ ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദസഞ്ചാരകേന്ദ്രമായ പാഞ്ചാലിമേട് സന്ദർശിച്ച് മടങ്ങുകയായിരുന്നു കാർ യാത്രികർ. ലക്ഷ്യയ്ക്ക് ഭക്ഷണം നൽകാൻ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം കാർ നിർത്തി.
ഇതിനിടെയാണ് റോഡിന്റെ തിട്ടയിൽനിന്നു കല്ലും മണ്ണും മരവും കാറിന് മുകളിലേക്ക് വീണത്. കല്ലും മണ്ണും വീണ് കാർ മൂടിയനിലയിലായിരുന്നു. എല്ലാവരും കാറിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കാറിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായില്ല.
പീരുമേട്ടിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം എത്തിച്ച് മുക്കാൽമണിക്കൂർ ശ്രമിച്ചാണ് കാറിന് പുറത്തുകിടന്ന കല്ലും മണ്ണും മാറ്റി ഇവരെ പുറത്തെടുക്കാനായത്. കാർ പൂർണമായും തകർന്നു. സോമിനിയുടെ ഭർത്താവ് പ്രദീപ്. മക്കൾ: നീതു,അന്യ,സുനു.
Post Your Comments