കൊച്ചി: ഓണം ബംപർ ടിക്കറ്റുകൾ വാങ്ങാൻ ലോട്ടറി കടകളിൽ കൂട്ടയിടിയാണ്. സമ്മാന ഘടനയിലെ മാറ്റങ്ങളാണ് ഇതിന് കാരണം. ഒന്നാം സമ്മാനം കഴിഞ്ഞ തവണത്തേത് പോലെ തന്നെ 25 കോടിയാണ്. ഒന്നാം സമ്മാനമായ 25 കോടി അടിച്ചാൽ എത്ര കയ്യിൽ കിട്ടുമെന്ന് അറിയാമോ? ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് ഏകദേശം 15.75 കോടി രൂപയാണ് അക്കൗണ്ടിലേക്ക് വരിക. ഇതിൽ നിന്നും പിന്നെ സർ ചാർജും സെസും കൂടിയായി 2.86 കോടി രൂപ കൂടി അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന്റെ കൈയ്യിൽ ലഭിക്കുക.
ഇത്തവണ ഒന്നാം സമ്മാനം 30 കോടി ആക്കണമെന്നായിരുന്നു ലോട്ടറി വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ആ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പകരം ഏറെ നാളായി ഉയരുന്ന കൂടുതൽ പേർക്ക് സമ്മാനമെന്ന നിർദ്ദേശം സർക്കാർ അംഗീകരിച്ചു. ഇത് പ്രകാരം രണ്ടാം സമ്മാനം 20 പേർക്കാണ് ലഭിക്കുക. അതും ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്ക് നൽകും. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കാണ്. ആറാം സമ്മാനം 5000 രൂപയും, 7ാം സമ്മാനമായി 2000 രൂപ വീതവും, 8ാം സമ്മാനം 1000, 9ാം സമ്മാനം 500 രൂപ വീതവുമാണ് ലഭിക്കുക. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബർ 20 നായിരിക്കും നറുക്കെടുപ്പ്.
വിൽപ്പന തുടങ്ങി ആദ്യ ദിവസം മാത്രം നാലരലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. കഴിഞ്ഞ വർഷം ഒന്നാം ദിവസം ഒന്നരലക്ഷം ടിക്കറ്റുകൾ മാത്രം വിറ്റിടത്താണ് ഇത്തവണ വലിയ വർധനവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം അറുപത്താറര ലക്ഷം ടിക്കറ്റ് വിറ്റ് പോയിരുന്നു. ഇത്തവണ റെക്കോഡുകൾ ഭേദിക്കുന്ന വിൽപ്പന നടക്കുമെന്ന കണക്ക് കൂട്ടലിലാണ് ലോട്ടറി വകുപ്പ്. രണ്ടാഴ്ച കൊണ്ട് പതിനേഴര ലക്ഷം ടിക്കറ്റാണ് വിറ്റ് പോയത്. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. ഭാഗ്യാന്വേഷികളിലേറെയും പാലക്കാട് ജില്ലയിലാണുള്ളത്. തൊട്ട് പിന്നിൽ തിരുവനന്തപുരവുമുണ്ട്.
Leave a Comment