ന്യൂഡല്‍ഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
സ്വാതന്ത്ര്യദിനം മുൻനിർത്തി രാജ്യത്ത് സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് വാഹനപരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. വിശിഷ്ടാതിഥികൾ എത്തുന്ന ചടങ്ങിലേക്ക് പഴുതടച്ച സുരക്ഷയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇന്ന് രാത്രി മുതൽ ഓഗസ്റ്റ് 15 വരെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള വാണിജ്യ, ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. ഈ വാഹനങ്ങൾ നിയന്ത്രിച്ച് ഇതര റൂട്ടുകളിലേക്ക് തിരിച്ചുവിടുമെന്ന് ഡൽഹി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, ഗതാഗതം നിയന്ത്രിക്കാൻ 3,000 ട്രാഫിക് പോലീസുകാരെ വിന്യസിക്കും.
ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്‌സലുകൾ നടക്കും. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിൻറെ മുറിവുകളുടെ ഓർമദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്. ദില്ലിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
Post Your Comments