തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍ സി ഇ ആര്‍ ടി സിലബസില്‍ നിന്ന് ഒഴിവാക്കിയ ഗുജറാത്ത് കലാപം, മഹാത്മാഗാന്ധി വധം, ജവഹര്‍ലാല്‍ നെഹ്റുവിന്റെ കീഴിലുള്ള ഇന്ത്യ തുടങ്ങിയ അധ്യായങ്ങള്‍ കേരള സിലബസില്‍ ഉള്‍പ്പെടുത്തുമെന്നാണ് ശിവൻകുട്ടിയുടെ പ്രഖ്യാപനം. സ്‌കൂള്‍ സിലബസില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റങ്ങളെ കുറിച്ച് കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ ഈ അധ്യായങ്ങളെല്ലാം പഠിപ്പിക്കാന്‍ ഈ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പുതുക്കിയ പാഠപുസ്തകങ്ങള്‍ ഓണാവധിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പരീക്ഷകള്‍ക്കും പരിഷ്‌കരിച്ച സിലബസ് പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ ഗുജറാത്ത് കലാപം, മുഗള്‍ കോടതികള്‍, അടിയന്തരാവസ്ഥ, നക്‌സലൈറ്റ് പ്രസ്ഥാനം, ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവ പാഠനപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
ഇതിന് പിന്നാലെ, ഈ ജൂണില്‍ പത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ നിന്ന് ആവര്‍ത്തനപ്പട്ടിക, ജനാധിപത്യം, ഊര്‍ജ്ജ സ്രോതസുകള്‍ എന്നിവയും നീക്കം ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. അതേസമയം പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കുറവ് സംബന്ധിച്ച കാര്യങ്ങള്‍ക്കും മന്ത്രി വിശദീരകരണം നല്‍കി. രണ്ട് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ഏതാണ്ട് 46000ത്തോളം കുട്ടികളുടെ വര്‍ധന ഉണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
Post Your Comments