ഒരു വാട്സ്ആപ്പിൽ നിന്ന് നിരവധി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞാലോ, അത്തരത്തിലൊരു ഫീച്ചറുമായാണ് വാട്സ്ആപ്പ് ഇത്തവണ എത്തുന്നത്. ഉപഭോക്താവിന് ഒരു വാട്സ്ആപ്പിൽ നിന്ന് തന്നെ മറ്റ് അക്കൗണ്ടുകളും ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറാണ് വികസിപ്പിച്ചെടുക്കുന്നത്. വളരെ എളുപ്പത്തിലും വേഗത്തിലും രണ്ടാമത്തെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്ന തരത്തിലായിരിക്കും പുതിയ ഫീച്ചറിന്റെ ക്രമീകരണം.
ഓരോ ചാറ്റുകൾക്കും അതിന്റെ വ്യക്തിഗത അറിയിപ്പുകൾക്കൊപ്പം പ്രത്യേകമായി തുടരാനുള്ള അവസരവും ഒരുക്കുന്നുണ്ട്. മറ്റ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ഐക്കൺ വാട്സ്ആപ്പിലെ ക്യുആർ കോഡ് ബട്ടണ്‍ സമീപമാണ് നൽകാൻ സാധ്യത. ഈ ഐക്കണിൽ ടാപ്പ് ചെയ്താൽ ഉപഭോക്താക്കൾക്ക് പുതിയ അക്കൗണ്ട് ചേർക്കാനും, ലോഗിൻ ചെയ്യാനും കഴിയും.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവരുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുന്നത്. അടുത്തിടെ ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്പുകൾക്ക് വലിയ തോതിൽ ഭീഷണി ഉയർത്തിയ വീഡിയോ കോൾ സ്ക്രീൻ ഷെയറിംഗ് ഫീച്ചറിനെ കുറിച്ചുളള വിവരങ്ങൾ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. വീഡിയോ കോൾ ചെയ്യുമ്പോൾ അതിനു തൊട്ടുതാഴെയുളള പ്രത്യേക മെനുവിൽ ടാപ്പ് ചെയ്താണ് സ്ക്രീൻ ഷെയറിംഗ് സാധ്യമാകുക.
Post Your Comments