മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച നാലുപേരുടെ വീടുകളില്‍ എൻ ഐ എ റെയ്‌ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്‌ഡ് തുടങ്ങിയത്. മലപ്പുറം വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ് ദേശീയ ഏജൻസിയുടെ പരിശോധന നടക്കുന്നത്. നാലിടത്തും ഒരേസമയത്താണ് പരിശോധന ആരംഭിച്ചത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് ആഴ്‌ചകള്‍ക്ക് മുൻപ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഗ്രീൻവാലി എൻ ഐ എ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ വീടുകളില്‍ മിന്നൽ റെയ്‌ഡ് തുടങ്ങിയത്. പരിശോധന തുടങ്ങിയതിന് ശേഷമാണ് ലോക്കല്‍ പൊലീസിനെ വിവരമറിയിച്ചതെന്നാണ് സൂചന. റെയ്‌ഡ് തുടരുകയാണ്.
കഴിഞ്ഞ മേയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ നിലമ്പൂരിലെയും കൊണ്ടോട്ടിയിലെയും വീടുകളില്‍ എൻ ഐ എ റെയ്‌ഡ് നടന്നിരുന്നു. നിലമ്പൂരില്‍ ചന്തക്കുന്ന് സ്വദേശി ശരീഫ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ഇവിടെനിന്ന് ചില രേഖകള്‍ പിടിച്ചെടുത്തു. കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻ ഐ എ പരിശോധന നടത്തി. കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലാണ് റെയ്‌ഡ് നടന്നത്.
Post Your Comments